മതിലിനു പിന്നാലെ ചേരി ഒഴിപ്പിക്കലും , ട്രമ്പിനെ പ്രീതിപ്പെടുത്താൻ മോദിയുടെ ഇടപെടലുകൾക്ക് പരക്കെ വിമർശനം

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികള്‍ ഒഴിപ്പിച്ച് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍. മതിലുകള്‍ കെട്ടി ഇന്ത്യയുടെ ദാരിദ്രം മറച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ജനതയോട് ഇത്തരത്തില്‍ മോദി സര്‍ക്കാര്‍ അവഗണന കാണിക്കുന്നത്.

ട്രംപിനെ സ്വാഗതം ചെയ്യുന്ന മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. 200 പേരാണ് കുടിയൊഴിപ്പിക്കല്‍ ഭീഷണി നിലവില്‍ നേരിടുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 20 വര്‍ഷത്തിന് മുകളിലായി ഇവിടെ താമസിക്കുന്ന ജനങ്ങളെയാണ് ഇന്ത്യയുടെ ദാരിദ്രം മറയ്ക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കുന്നത്. ഇവര്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാണ തൊഴിലാളികളാണ്.

ട്രംപിന്റെ നമസ്‌തേ ട്രംപ് പരിപാടിക്കു മുന്നോടിയായി ഇവരെ ഒഴിപ്പിക്കാന്‍ അഹമ്മദാബാദ് പ്രാദേശിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

ഈ മാസം 24-നാണ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അഹമ്മദാബാദ് സന്ദര്‍ശിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News