KeralaNews

എം. ശിവശങ്കറിന്റെ ജീവിതത്തോട് മാധ്യമങ്ങള്‍ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനം; ഹരീഷ് വാസുദേവന്‍

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരങ്ങിയതിന് പിന്നാലെ ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍. ശിവശങ്കര്‍ IAS ന്റെ ജീവിതത്തോട് മാധ്യമങ്ങള്‍ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കില്‍ നാളെ അതിനു വില കൊടുത്തില്ലെങ്കില്‍, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളില്‍ മാത്രം വായിക്കാനുള്ള വാക്കുകളാകുമെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ കൊട്ടേഷന്‍ സംഘങ്ങളായി അധഃപതിച്ചതില്‍ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകള്‍ ചമച്ചവരെപ്പറ്റി ആണ് ഓര്‍ക്കുന്നത്. ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്‌പ്രൊപോര്‍ഷനേറ്റായി ആണ്. മറ്റൊരാളും ജീവിതത്തില്‍ ഈയളവില്‍ മാധ്യമവേട്ട സഹിച്ചു കാണില്ലെന്നും ഹരീഷ് പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

”ശിവശങ്കര്‍ IAS’ എന്നു തിരഞ്ഞാല്‍ ഇപ്പോള്‍ കാണാനും കേള്‍ക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ സര്‍വീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുന്‍പില്‍ വരുന്ന മനുഷ്യര്‍ക്കും വരാന്‍ കഴിയാത്ത മനുഷ്യര്‍ക്കും കഴിയാവുന്ന സഹായം ചെയ്യാന്‍ ശ്രമിച്ച ഒരാളുടെ കഥയല്ല, മറിച്ച് സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്. കെട്ടുകഥകളേ തോല്‍പ്പിക്കുന്ന അതിശയകഥകള്‍ മെനഞ്ഞു ”ഉണ്ടത്രേ” കള്‍ ചേര്‍ത്തു ബ്രെയ്ക്കിങ് ന്യൂസുകള്‍ ചമച്ച മാധ്യമങ്ങളുടെ ആകെ സംഭാവനയാണ് അത്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ കൊട്ടേഷന്‍ സംഘങ്ങളായി അധഃപതിച്ചതില്‍ അത്ഭുതമില്ല. അവരുടെ വാക്ക് വേദവാക്യമായി വിഴുങ്ങി ബ്രെയ്ക്കിങ് ന്യൂസുകള്‍ ചമച്ചവരെപ്പറ്റി ആണ് ഓര്‍ക്കുന്നത്.

ശിവശങ്കറിനെ മാധ്യമങ്ങള്‍ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്‌പ്രൊപോര്‍ഷനേറ്റായി ആണ്.
മറ്റൊരാളും ജീവിതത്തില്‍ ഈയളവില്‍ മാധ്യമവേട്ട സഹിച്ചു കാണില്ല. തെരഞ്ഞെടുപ്പായിരുന്നു എല്ലാവരുടെയും കാരണം, അത് കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസില്‍ ഇപ്പോള്‍ താല്പര്യമില്ലെന്ന് അറിയിച്ചു. കേസുകള്‍ മാറ്റി. സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി നിയമിച്ചു എന്ന ആക്ഷേപത്തിലാണ് അന്വേഷണവിധേയമായ ആദ്യ സസ്പെന്‍ഷന്‍. കുറ്റപത്രത്തിനു ശിവശങ്കര്‍ അക്കമിട്ടു മറുപടി നല്‍കി. രണ്ടുവശവും പരിശോധിച്ചു അതിലെ സത്യാവസ്ഥ പുറത്തു വന്നോ? ഇല്ല, അന്വേഷണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കിടന്നു എന്ന കാരണത്തിലാണ് രണ്ടാമത്തെ സസ്പെന്‍ഷന്‍. അതിനും ശിവശങ്കര്‍ മറുപടി നല്‍കി. അത് പരിഗണിച്ചു അന്തിമതീരുമാനം വന്നിട്ടില്ല. ഒരു വര്‍ഷത്തിലധികം IAS കാരെ സസ്പെന്‍ഷനില്‍ നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദം വേണം, എഴുതിനോക്കി, കിട്ടിയില്ല. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്നു, അതുകൊണ്ട് തിരിച്ചെടുക്കാതെ നിവര്‍ത്തിയില്ല, സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ശിവശങ്കര്‍ IAS നെ തിരിച്ചെടുത്തു.
”ശിവശങ്കര്‍ പുണ്യവാളന്‍ ആണോ, നിങ്ങളും എതിര്‍ത്തിട്ടില്ലേ” എന്നു ചോദിച്ചിരുന്നു ചിലര്‍. പുണ്യവാളനേയല്ല, എന്നെയും നിങ്ങളെയും പോലെ ശരിയും തെറ്റും പറ്റാവുന്ന ഒരാള്‍. ചില സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരെ പോലെ ഫയലില്‍ അടയിരിക്കാത്തത് കൊണ്ട്, തെറ്റുകള്‍ പറ്റിയിട്ടുണ്ട്.

സ്പ്രിംഗ്ളര്‍ കേസില്‍ അടക്കം നിയമ വകുപ്പിന് വിടാത്തതിനു നിയമലംഘനം ചൂണ്ടിക്കാട്ടാനാകും. പക്ഷെ അതിലൊന്നും ഒരു രൂപയുടെ വഴിവിട്ട സാമ്പത്തിക ലാഭമോ തിരിമറിയോ ആരോപിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ED യുടെയും കസ്റ്റംസിന്റെയും കേസുകള്‍ കേസിന്റെ വഴിക്ക് നടക്കട്ടെ, അതിന്മേല്‍ ഇപ്പോഴൊന്നും പറയുന്നില്ല. സ്പ്രിംഗ്ളര്‍ വിഷയത്തില്‍ അടക്കം ചിലതില്‍ അതിശക്തമായി ഞാന്‍ ഈ ഉദ്യോഗസ്ഥനെ എതിര്‍ത്തിട്ടുണ്ട്, അത് നിലപാടുകളുടെ പേരില്‍. ഇനിയും എതിര്‍ക്കും. പക്ഷെ, ചെയ്യാത്ത തെറ്റിനുള്ള വ്യക്തിഹത്യയിലൂടെ അല്ല.
കൊട്ടേഷന്‍ സംഘങ്ങളുടെ നാലാംകിട വേട്ടയ്ക്ക് മാധ്യമങ്ങള്‍ ഒത്താശ പാടി. പറ്റാവുന്നത്ര ശക്തമായി ഞാന്‍ പ്രതിഷേധിച്ചു. അത് ശിവശങ്കറിന് വേണ്ടിയല്ല, എനിക്കും ഇവിടെ ജീവിക്കുന്ന മറ്റു പൗരന്മാര്‍ക്കും വേണ്ടി. അതിന്റെ പേരില്‍ എനിക്ക് പോകുന്ന ചില ചാനലുകളുടെ സ്പേസ് പോട്ടെ എന്നുവെച്ചു.

നുണകള്‍ നിറച്ച വാര്‍ത്തകളാല്‍ ഇയാളെ വേട്ടയാടിയ മാധ്യമങ്ങള്‍ ഒരുനാള്‍ മാപ്പ് പറയേണ്ടി വരും, മാനനഷ്ടത്തിന് കേസ് നടത്താന്‍ ഇങ്ങേര് തീരുമാനിച്ചാല്‍ മാധ്യമങ്ങള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.. ഏത് മാര്‍ക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശരി, ശിവശങ്കര്‍ IAS ന്റെ ജീവിതത്തോട് മാധ്യമങ്ങള്‍ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കില്‍ നാളെ അതിനു വില കൊടുത്തില്ലെങ്കില്‍, പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളില്‍ മാത്രം വായിക്കാനുള്ള വാക്കുകളാകും. തലയുയര്‍ത്തിപ്പിടിച്ചു പറയും, ഈ കല്ലെറിഞ്ഞവരുടെ കൂട്ടത്തില്‍ ഞാനുണ്ടായിരുന്നില്ല.

അഡ്വ.ഹരീഷ് വാസുദേവന്‍ ശ്രീദേവി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker