മലപ്പുറം: ഇതൊരു പ്രത്യേകതരം സ്‌കൂളാണ്. രണ്ട് നിലയുണ്ടെങ്കിലും മുകള്‍ നിലയിലെ ക്ലാസില്‍ ഇരിക്കാന്‍ കുട്ടികളും അധ്യാപകരും പറന്നു വരേണ്ട അവസ്ഥ. കോണിപ്പടിയില്ലാതെ രണ്ടുനില സ്‌കൂള്‍ പണിതതോടെ ദുരിത്തിലായത് ഒരു നാടു മുഴുവനുമാണ്. നിലമ്പൂര്‍ ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌ക്കൂളാണ് വിചിത്രമായി നിര്‍മിച്ചുവച്ചത്.
സ്‌കൂളില്‍ സൗകര്യം കുറവായതിനാലാണ് നാട്ടുകാരുടെ പിന്തുണയോടെ സ്‌കൂള്‍ നിര്‍മിക്കാന്‍ പണം സ്വരൂപിച്ചത്. എന്നാല്‍ പണിത് വന്നപ്പോള്‍ ക്ലാസൊന്നും കാണാന്‍ പോലും പറ്റാത്ത അവസ്ഥയായി. പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിലായാണ് കോണിപ്പടിയില്ലാതെ കെട്ടിടം പണിതത്. സ്‌കൂളില്‍ ക്ലാസ് മുറികളില്ലാത്തതിനാല്‍ നാട്ടുകാര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചാണ് നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയത്.
അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ട് അടക്കം ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികര്‍ പണി കഴിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. എസ്റ്റിമേറ്റില്‍ കോണിയില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്. അതേസമയം എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയര്‍ എന്തിനാണ് ഈ കെട്ടിടം ഉണ്ടാക്കുന്നതെന്ന ബോധമില്ലാതെ പോയോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഇപ്പോള്‍ കോണിപ്പടി കെട്ടി ക്ലാസുകളിലേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. ഇതിനായി ഒരുലക്ഷം രൂപ വകയിരുത്തി. സ്‌കൂളിന്റെ സംരക്ഷണഭിത്തിയോടുചേര്‍ന്ന് ശൗചാലയത്തിന്റെ മുകളിലേക്കു ചവിട്ടുപടിയുണ്ടാക്കാനാണ് തീരുമാനം.