32.8 C
Kottayam
Friday, March 29, 2024

മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല, പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് താന്‍ അറിയുന്നത്; ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ തന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ലെന്ന് ഷീല

Must read

കൊച്ചി:എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. പെട്ടെന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നയന്‍താര ജയറാം എന്നിവര്‍ നായിക നായകന്‍മാരായ മനസിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ എത്തിയത്. തുടര്‍ന്ന് മലയാള സിനിമയില്‍ സജീവമാകുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഇനിയെനിക്ക് ജന്മമില്ല. അമ്മയായിട്ടും സഹോദരിയായിട്ടും ഭാര്യയായിട്ടും ഞാന്‍ എല്ലാം അനുഭവിച്ചു. എന്റെ മോന്റെ അച്ഛനെ പറ്റി ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല. രവിചന്ദ്രനെ പറ്റി ഇപ്പോള്‍ പറയാം. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച ആളായിരുന്നു രവിചന്ദ്രന്‍. 250 ദിവസങ്ങള്‍ ഓടിയ ചിത്രങ്ങള്‍ വരെയുണ്ട്. പക്ഷെ മദ്യപാനമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തകര്‍ത്തത്. തമിഴില്‍ മാര്‍ക്കറ്റ് കുറഞ്ഞപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത്. അദ്ദേഹം ഭാര്യയുമായി പിണങ്ങി വിവാമോചനം നേടി. ആ ബന്ധത്തില്‍ മൂന്ന് മക്കളും ഉണ്ടായിരുന്നു.

ജെഡി തോട്ടാന്‍ സംവിധാനം ചെയ്ത ‘ഓമന’ എന്ന സിനിമയിലൂടെ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചു. സംസാരത്തിനിടയില്‍ അനിയത്തിമാരുടെ കല്യാണം കഴിഞ്ഞതിനെ പറ്റി ഞാന്‍ പറഞ്ഞു. അമ്മ അന്ന് കിടപ്പിലാണ്. രവിചന്ദ്രനും ജെഡി തോട്ടാനും സുഹൃത്തുക്കളണ്. ‘നിങ്ങളുടെ ഭാര്യയും പോയി, ഷീലാമ്മയും തനിച്ചാണ്. നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ’ എന്ന് തോട്ടാനാണ് ആദ്യം ചോദിക്കുന്നത്. പിന്നെ സേതുമാധവനും എം ഒ ജോസഫും നിര്‍ബന്ധിച്ചു. അങ്ങനെയാണ് കല്യാണം കഴിക്കുന്നത്.

മകന്‍ ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല. മറ്റൊരു വീടുണ്ട്. അങ്ങോട്ടേക്ക് പോകും. അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ടി നഗറില്‍ ഉണ്ടായിരുന്നു. പിന്നീടാണ് രവിചന്ദ്രന് മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഇനി നിങ്ങളുടെ കൂടെ ജീവിക്കില്ലെന്ന് അന്നേരം പറഞ്ഞതാണ്. രണ്ടര കൊല്ലത്തിന് ശേഷം പിരിഞ്ഞു. ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി. പക്ഷേ എന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ല. അതൊഴിച്ചാല്‍ ജീവിതത്തെ കുറിച്ച് സന്തോഷമേയുള്ളൂയെന്നും ഷീല പറഞ്ഞു.

ആദ്യ സിനിമ ‘പാശ’ത്തിന്റെ ഷൂട്ടിങ് മദ്രാസിലെ വാഹിനി സ്റ്റുഡിയോയിലായിരുന്നു. അഞ്ചോ ആറോ ഏക്കർ കാണും. അന്നൊരു വലിയ സ്ഥലം എന്നല്ലാതെ വേറെ വിവരമില്ല. ഇപ്പോൾ ഓർക്കുമ്പോൾ അതിശയം തോന്നും. ഇത്രയും സ്ഥലമൊക്കെ മെയിന്റയിൻ ചെയ്യുക എന്നൊക്കെ പറഞ്ഞാൽ…പത്തു പതിനഞ്ച് ഫ്ലോർ. ഒരേ സമയത്തു വിവിധ ഭാഷകളിലായി പത്ത് ഷൂട്ടിങ് ഒക്കെ നടക്കും. അന്നു ഞങ്ങൾക്കു കാരവൻ എന്നു പറഞ്ഞാൽ മരങ്ങളാണ്. മരത്തിന്റെ അടിയിലാണ് ഞങ്ങളൊക്കെ ഇരിക്കുന്നത്. ഇപ്പോൾ വാഹിനി സ്റ്റുഡിയോ ഇല്ല, ഉദയാ സ്റ്റുഡിയോ ഇല്ല. ആ സ്ഥലങ്ങളൊക്കെ കാണുമ്പോൾ ഭയങ്കര സങ്കടമാണ്. എന്റെ ഭാഗ്യസ്റ്റുഡിയോ ജെമിനി ആയിരുന്നു. ‘ചെമ്മീനി’ന്റെ ഇൻഡോർ ഷൂട്ടിങ് അവിടെയായിരുന്നു. അവസാനം ഞാനും മധുവും കെട്ടിപ്പിടിക്കുന്ന സീനില്ലേ, ഞങ്ങളുടെ വാടകവീടിന്റെ ടെറസിലായിരുന്നു അതിന്റെ ഷൂട്ടിങ്. ആ വീടിന്റെ പിറകിൽ കുറെ മാവുകളുണ്ട്. ടെറസിൽ ശിഖരങ്ങളൊക്കെ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ആ സീൻ എടുത്തത്.

അക്കാലത്തെ വലിയ അഭിനേതാക്കളായിരുന്നു എസ്.എസ്. രാജേന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ വിജയകുമാരിയും. അവരുടെ നാടകം ഊട്ടിയിൽ നടക്കുന്നു. ഞങ്ങൾ നാടകം കാണാൻ പോയി. എസ്.എസ്.രാജേന്ദ്രന്റെ ആദ്യ ഭാര്യ പങ്കജം മലയാളിയാണ്. അമ്മ അവരോട് ഞങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞു. അവർ എന്നെ നോക്കി ചോദിച്ചു: ‘ഇവൾ നാടകത്തിൽ അഭിനയിക്കുമോ?’ അമ്മ പറഞ്ഞു: ‘ഓ അഭിനയിക്കും.’ ‘എങ്കിൽ ചെന്നൈയിൽ പോയിട്ടു കത്തെഴുതാം.’ അവർ പറഞ്ഞു. അതു കേട്ട് എനിക്കു ദേഷ്യം വന്നു. തിരിച്ചു വന്നു ഞാൻ അമ്മയോടു കയർത്തു. ‘അമ്മ എന്തിനാ ഞാൻ അഭിനയിക്കും എന്നു പറഞ്ഞത്? എനിക്ക് അഭിനയിക്കാൻ അറിയില്ല, ഇഷ്ടവുമല്ല.’ ‘പിന്നെ നമ്മൾ എങ്ങനെയാ ഈ കുടുംബം പുലർത്തുന്നത് എന്നു നീ പറ?’ അമ്മ തിരിച്ചു ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ അവരുടെ കത്തും ടിക്കറ്റിനുള്ള പൈസയും വന്നു. ഞാനും അമ്മയും കൂടി ചെന്നൈയിൽ പോയി. അങ്ങനെ എസ്എസ്ആറിന്റെ നാടകക്കമ്പനിയിൽ ചേർന്നു.

‘രാജാ അണ്ണാമലൈ മൻട്രം’ എന്നായിരുന്നു നാടകത്തിന്റെ പേര്. ഒരു ശിൽപിയുടെ മകളാണു കഥാപാത്രം. അധികം സംഭാഷണങ്ങളൊന്നും ഇല്ല. ഒരു രാജാവ് വന്നു ശിൽപങ്ങൾ നോക്കുന്നതിനിടെ എന്നെക്കണ്ട് ‘ഈ ശിൽപം നല്ലതാണല്ലോ’ എന്നു പറയും. അപ്പോൾ ശിൽപി പറയും, അതു ശിൽപമല്ല എന്റെ മകളാണെന്ന്. ചെന്നൈയിലെ പാരിസിനടുത്തായിരുന്നു നാടകത്തിന്റെ ആദ്യ ഷോ. അതു കാണാൻ എംജിആറും സംവിധായകൻ ടി.ആർ. രാമണ്ണയും വന്നിരുന്നു. എന്നെ കണ്ടപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടു. അവർ സംസാരിച്ചു. രാമണ്ണ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലേക്ക് ആ സ്റ്റേജിൽ വച്ചുതന്നെ എന്നെ ഉറപ്പിച്ചു. പതിമൂന്നു വയസ്സ് കഴിഞ്ഞേയുള്ളൂ. അരങ്ങേറ്റ ദിവസംതന്നെ എന്റെ നാടകാഭിനയം അവസാനിച്ചു.

പാശം തെലുങ്കിലും തമിഴിലും ഒരേ സമയം ഷൂട്ട് ചെയ്യുകയായിരുന്നു. ആദ്യത്തെ ഷോട്ടിൽ എൻടിആറും ശാരദയും അഭിനയിക്കുന്ന തെലുങ്ക്. അടുത്ത ഷോട്ടിൽ അതേ ലൈറ്റപ്പിൽ ഞാനും എംജിആറും അഭിനയിക്കുന്ന തമിഴ്. ശാരദയെ നോക്കി അഭിനയിക്കാൻ എന്നോടു പറയും. എംജിആർ സെറ്റിൽ എന്നോടു സംസാരിക്കാറില്ലായിരുന്നു. പക്ഷേ, അമ്മയോടു സംസാരിക്കും. അദ്ദേഹം പറഞ്ഞു: ‘ഷീല എന്ന പേരു വേണ്ട കേട്ടോ. അതു വളരെ ചെറുതാണ്. എന്റെ കസിൻ സിസ്റ്ററുണ്ട്- സുഭദ്രാ ദേവി. ആ പേരു വയ്ക്കാം’. അപ്പോൾ അമ്മ പറഞ്ഞു, ‘ഞങ്ങൾ നാട്ടിൽനിന്ന് എല്ലാവരെയും എതിർത്തിട്ടാണ് ഇവിടെ അഭിനയിക്കാൻ വന്നത്. പേരു മാറ്റിയാൽ അവർക്കാർക്കും മനസ്സിലാകില്ല ഷീലയാണ് അഭിനയിച്ചത് എന്ന്.’ ‘എങ്കിൽ ഷീലാ ദേവി എന്നു വയ്ക്കാം’ എന്നായി അദ്ദേഹം. അങ്ങനെ ആ സിനിമയിൽ ഷീലാ ദേവി എന്നായിരുന്നു എന്റെ പേര്. ഷീല സെലിൻ എന്നായിരുന്നു മുഴുവൻ പേര്. സെലിൻ എന്റെ അച്ഛന്റെ അമ്മയാണ്. അച്ഛന്റെയും അമ്മയുടെയും രണ്ടാമത്തെ കുട്ടിയാണു ഞാൻ. ചേച്ചി ശരണ്യയും ഞാനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു. രണ്ടു സഹോദരൻമാരും എട്ടു സഹോദരിമാരുമാരുമുണ്ട്. മൂന്നു പേർ വളരെ ചെറുപ്പത്തിലേ മരിച്ചു. എന്റെ അനിയത്തിമാർ അനിത, ശോഭ, ലത. ആങ്ങളമാർ ജോർജും പീറ്ററും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week