സിനിമ ലോകത്തെ മുത്താണ് കാതൽ; മമ്മൂട്ടി ചിത്രത്തെ വാനോളം പുകഴ്ത്തി നടി സാമന്ത
ഹൈദരാബാദ്: പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്ന ചിത്രം പ്രമേയത്തിലെ ആരും പരീക്ഷിക്കാന്‍ ധൈര്യം കാണിക്കാത്ത പ്രമേയത്തിലൂടെ പ്രേക്ഷകരുടെ ഉള്ളം കീഴടക്കുകയാണ്.
ഇപ്പോള്‍ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സാമന്തയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് സാമന്ത കാതലിനെ വനോളം പുകഴ്ത്തുന്നത്. “ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി. സിനിമ ലോകത്തെ മുത്താണ് ഈ എല്ലാവരും ദയവായി കാണണം. മമ്മൂട്ടി സാര്‍ താങ്കള്‍ ഒരു ഹീറോയാണ്. തങ്കളുടെ പെര്‍ഫോമന്‍സ് കണ്ടതില്‍ നിന്നും പുറത്തുവരാന്‍ തന്നെ കുറേ സമയം എടുക്കും. ജ്യോതിക ലൗ യൂ. ജിയോ ബേബി ഇത് ഇതിഹാസ സമാനം” -എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.
കാതൽ തിയറ്ററിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനെ പ്രേക്ഷകർക്കും ടീമിനും നന്ദി പറഞ്ഞ് ചിത്രത്തിലെ നായിക ജ്യോതിക രംഗത്ത് എത്തിയിരുന്നു. . “ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. കാതൽ ദ കോർ അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർത്ഥ പരിശ്രമത്തിൽ നിന്നും ഉടലെടുന്ന ഒന്ന്. അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി.
സിനിമയോടുള്ള നമ്മുടെ സ്നേഹം, അതിനെ മികവുറ്റതാക്കും. ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും”, എന്നാണ് ജ്യോതിക കുറിച്ചത്.
അതേ സമയം മാത്യു ദേവസി, മമ്മൂട്ടി എന്ന നടന്റെ അഭിയപാടവത്തിന്റെ മറ്റൊരു നേർ സാക്ഷ്യം ആയിരിക്കുകയാണ് ഈ കഥാപാത്രം. എന്നും ചെയ്യുന്ന വേഷങ്ങളിൽ വ്യത്യസ്തത തേടുന്ന മമ്മൂട്ടി മാത്യുവായി സ്ക്രീനിൽ എത്തിയപ്പോൾ അത് പ്രേക്ഷകന്റെ ഉള്ളിനെയും കണ്ണിനെയും ഈറൻ അണിയിച്ചു. ജിയോ ബേബിയുടെ സംവിധാനത്തിൽ ഇറങ്ങിയ ‘കാതലി’ന് എങ്ങും പ്രശംസാപ്രവാഹം ആണ്. സോഷ്യൽ മീഡിയയിൽ എങ്ങും ‘കാതൽ’ തന്നെ താരം.
നേരത്തെ മമ്മൂട്ടിയെയും പ്രശംസിച്ച് കൊണ്ട് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി രംഗത്ത് എത്തിയിരുന്നു. തങ്ങളുടെ താരങ്ങൾ കോടി ക്ലബ്ബിലേക്ക് പോയ്ക്കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണെന്ന് വിശൻ പറയുന്നു ‘ഇത് സ്നേഹം- കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുകയാണ്!!! സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല.
സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂ’, എന്നാണ് വിശൻ കുറിച്ചത്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ ക്യാരക്ടർ ലുക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.