സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് പറയുന്നത്, അതെനിക്ക് ഇഷ്ടമല്ല; തൊലിയുടെ നിറത്തിന് അനുസരിച്ച് ആളുകള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ലെന്നും നടി നമിത

ചെന്നൈ:തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് നമിത. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നമിത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ജീവിതം ആഘോഷിക്കുകയാണ് നടി. ഇപ്പോഴിതാ തന്റെ സൗന്ദര്യ കാഴ്ചപ്പാടുകളെ കുറിച്ച് പറയുകയാണ് നടി.

സ്ത്രീകള്‍ സുന്ദരിയായിരിക്കണമെന്നാണ് പറയുന്നത്. അതെനിക്ക് ഇഷ്ടമല്ല. തെന്നിന്ത്യയില്‍ ഞാനത് കണ്ടിട്ടുണ്ട്. 2007 ല്‍ ഒരു ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തിന്റെ ഓഫര്‍ എനിക്ക് വന്നു. അതിലെനിക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചു. അന്നും ഇന്നും ആ അഭിപ്രായത്തില്‍ നിന്നെനിക്ക് മാറ്റമില്ല.

തൊലിയുടെ നിറത്തിന് അനുസരിച്ച് ആളുകള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതും ഞാന്‍ വെറുക്കുന്നു. കൃഷ്ണ ദേവനും ഇരുണ്ട നിറമാണ്. അദ്ദേഹമാണ് എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ബാക്കി ഒന്നും എനിക്ക് പിന്തുടരാന്‍ പറ്റില്ല.

എല്ലാവര്‍ക്കും ഓരോ ഹോബി ഉണ്ടാവും. ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗുകളായിരുന്നു തന്റെ ഇഷ്ടം. ഡയമണ്ട് നെക്ലേസോ, ആഢംബര കാറുകളോ ഞാന്‍ ആഗ്രഹിക്കുന്നില്ല. റോള്‍സ് റോയിസ് ഇല്ലെങ്കില്‍ മറ്റൊരു വലിയ വാഹനത്തിലേ പോവുകയുള്ളു എന്നൊരു വാശി എനിക്കില്ല. ടാക്സി വിളിച്ചിട്ട് ആണെങ്കിലും ഞാന്‍ പോവും. എനിക്ക് സന്തോഷമുള്ള കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളു.

പല താരങ്ങളും വലിയ ആഢംബരം കാണിക്കുന്നത് പുറംലോകത്തോട് പറയാറുണ്ട്. അതൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്റെ അടുത്ത് ഒത്തിരി ബ്രാന്‍ഡഡ് ഹാന്‍ഡ് ബാഗ് ഉണ്ട്. ചില ലെതറില്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ മുതലയുടെയും പാമ്പിന്റെയുമൊക്കെ തൊലി ഉപയോഗിച്ചാണെന്ന് അറിഞ്ഞതോടെ അത് വാങ്ങിക്കുന്നത് നിര്‍ത്തി. അതൊക്കെ വലിയ വിലയുള്ളതാണ് എന്നും താരം പറയുന്നു.