ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടമായി: സംഭവിച്ച ചതിയെക്കുറിച്ച് വെളിപ്പെടുത്തി മീനാക്ഷി
കോട്ടയം:ലക്ഷങ്ങൾ സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനൽ നഷ്ടമായെന്ന വെളിപ്പെടുത്തലുമായി നടി മീനാക്ഷി അനൂപ്. തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നവര്‍ അതില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്നും മീനാക്ഷിയും കുടുംബവും ആരോപിക്കുന്നു. മീനാക്ഷി അനൂപ് എന്ന പേരിൽ പുതിയ ചാനൽ തുടങ്ങിയ മീനാക്ഷി ഈ ചാനലിലൂടെയാണ് താൻ പറ്റിക്കപ്പെട്ട കഥ തുറന്നുപറഞ്ഞത്.
യൂട്യൂബ് ചാനൽ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവർ തന്നെയാണ് ഇമെയിൽ ഐഡിയും പാസ്‌വേർഡുമെല്ലാം ഉണ്ടാക്കിയത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സും ആയി. അവർ തന്നെയാണ് വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്‌ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടൺ പോലും തന്നില്ല. ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ലെന്നും മീനാക്ഷിയും കുടുംബവും പറയുന്നു. വിഡിയോയിൽ നിന്ന് കിട്ടിയ വരുമാനത്തിൽ നല്ലൊരു ഭാഗവും അവർ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി നിന്നു. പക്ഷേ ഇപ്പോൾ കോട്ടയം എസ്പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പറയുന്നു. വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാർട്ണർഷിപ്പിൽ വിഡിയോ തുടങ്ങാവൂ എന്നും ഇവർ പറയുന്നു.
‘‘ഞങ്ങൾ മാക്‌സിമം ക്ഷമിച്ചു, പോട്ടെ എന്ന് വച്ചതാണ്, ഒരു ലക്ഷം രൂപ എവിടെ നിന്നെങ്കിലും കിട്ടിയാൽ അതിന്റെ ഒരു ചെറിയ പങ്കാണ് നമ്മൾക്ക് കിട്ടിയത്. ടിഡിഎസ് ഒന്നും ഇത് വരെയും അവർ അടച്ചിരുന്നില്ല. നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം. കോട്ടയം എസ്പി ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്. എല്ലാ വിവരങ്ങളും ചേർത്താണ് നമ്മൾ കേസ് കൊടുത്തിരിക്കുന്നത്. പല പല സ്ഥലത്തും ഇവർക്ക് എതിരെ കേസ് ഉണ്ടെന്നു കേൾക്കുന്നുണ്ട്. ഞങ്ങൾ തീരെ പ്രതീക്ഷിക്കാത്ത സംഭവം ആണ്.
ഇതൊക്കെ നടത്തുന്നവർ ചിന്തിക്കുക, വിശ്വാസമുള്ള ആളുകളുടെ ഒപ്പം നിന്നിട്ട് വേണം ഇതിനൊക്കെ ഇറങ്ങി തിരിക്കാൻ. ഈ സാധനം ഒരു ദിവസം അവർ പ്രൈവറ്റ് ആക്കിയാൽ പണി പാളും. സെലിബ്രിറ്റി ഇമേജ്, അല്ലെങ്കിൽ ആളുകൾക്ക്പ്രിയപ്പെട്ട ഒരാളെ ആണ് അവർ ഉപയോഗിക്കുന്നത്. നമ്മൾ കുടുംബമായി തുടങ്ങിയ സമയത്ത് എല്ലാവർക്കും നല്ല സന്തോഷം ആയിരുന്നു. ഇവർ ഓരോന്ന് ചെയ്യുന്നത് കണ്ടിട്ട് ഞങ്ങൾ ചോദിക്കുന്ന സമയത്തും അവർ സമ്മതിച്ചില്ല. നമ്മൾക്ക് ആദ്യം തന്നെ കാര്യങ്ങൾ മനസിലായതാണ്. ഒരു ആത്മാർഥത ഇല്ലാത്തവർ ആണ് എന്ന്.
ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് ആ ചാനൽ തുടങ്ങിയത്. ഞങ്ങൾ ലീഗലി മുൻപോട്ട് പോകുന്നതിനു മുൻപ് തന്നെ ആ ചാനൽ നമ്മൾക്ക് തിരികെ തരുമെന്ന് പ്രതീക്ഷിച്ചു. അവർ അതും ചെയ്തില്ല കംപ്ലീറ്റ് പ്രൈവറ്റ് ആക്കി കളഞ്ഞു. എന്തോ കുഴപ്പം ഉണ്ട് എന്ന് ആളുകൾ പറയുമ്പോളും നമ്മൾ വിശ്വസിച്ചില്ല. മുൻ ചാനലിൽ ഞങ്ങൾ ഒരു പ്രാക്ടീസ് ചെയ്തു എന്ന് വേണമെങ്കിൽ പറയാം. എന്റെ പേരിൽ കിട്ടിയിരിക്കുന്ന പ്ളേ ബട്ടൺ വരെ അവർ കൊണ്ട് പോയി. നമ്മുടെ ചാനലിൽ നിന്ന് എന്ത് കിട്ടിയാലും അവർ എടുക്കുന്ന രീതി ആയിരുന്നു, ഇനി ആരും പറ്റിക്കപ്പെടരുത്.’’–മീനാക്ഷിയും കുടുംബവും പറഞ്ഞു.
അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്.