FeaturedHealthNationalNews

കോവിഡ് കൂടുന്നു; വിലക്കിയ ആന്റിബയോട്ടിക്കുകളുടെ പട്ടികയുമായി ഐ.സി.എം.ആർ, ഉപയോ​ഗം നിയന്ത്രിക്കണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്. ഉപയോഗിക്കരുതാത്ത ആന്റിബയോട്ടിക്കുകളുടെ പട്ടികയും ഐ.സി.എം.ആർ. പുറത്തുവിട്ടു.

മറ്റെന്തെങ്കിലും വൈറൽബാധയുള്ള രോഗികളിൽ കോവിഡ് ഗുരുതരമായേക്കാം. അതിനാൽ, പ്രത്യേക ജാഗ്രത പുലർത്തണം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അഞ്ചുദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പനി, ചുമ എന്നിവ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള മറ്റുമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

കഴിഞ്ഞയാഴ്ചമുതൽ രാജ്യത്ത് കോവിഡ് വർധിക്കുന്നുണ്ട്. തുടർന്ന് കേരളം, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ നിരീക്ഷണവും ജാഗ്രതയും ശകതമാക്കണമെന്ന് ആരോഗ്യമന്ത്രാലയം കത്തെഴുതിയിരുന്നു.

വിലക്കുള്ള ആന്റിബയോട്ടിക്കുകൾ

  • ലോപിനാവിർ-റിറ്റോണാവിർ
  • ഹൈഡ്രോക്സിക്ലോറോക്വിൻ
  • ഐവർമെക്റ്റിൻ
  • കോൺവാലെസെന്റ് പ്ലാസ്മ
  • മോൾനുപിരാവിർ
  • ഫാവിപിരാവിർ
  • അസിത്രോമൈസിൻ
  • ഡോക്സിസൈക്ലിൻ

പനിയും ചുമയും ശ്വാസകോശ രോ​ഗങ്ങളും പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും നേരത്തേ സമാന നിർദേശവുമായി എത്തിയിരുന്നു. പനിക്കും മറ്റു വൈറൽ രോ​ഗങ്ങൾക്കും ആന്റിബയോട്ടിക് നിർദേശിക്കുന്ന രീതി ഒഴിവാക്കണമെന്നും അത്തരം രോ​ഗങ്ങൾക്ക് ലക്ഷണാനുസൃത ചികിത്സയാണ് നൽകേണ്ടതെന്നുമാണ് ഐ.എം.എ. വ്യക്തമാക്കിയത്. . പലരും കൃത്യമായ ഡോസോ അളവോ ഇല്ലാതെയാണ് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്നത്. ലക്ഷണങ്ങൾ ഭേദപ്പെടുമ്പോൾ തന്നെ അവ നിർത്തുകയും ചെയ്യുന്നു. ഈ ശീലം നിർത്തിയില്ലെങ്കിൽ ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും യഥാർഥത്തിൽ ആന്റിബയോട്ടിക് എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അവ ഫലിക്കാതെ വരികയും ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

ഡയേറിയ കേസുകളിൽ 70 ശതമാനവും വൈറലാണ്, അവയ്ക്ക് ആന്റിബയോട്ടിക് കഴിക്കേണ്ട കാര്യമില്ല. പക്ഷേ അത്തരം സാഹചര്യത്തിലും ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കുന്നുണ്ടെന്നും അമോക്സിലിൻ, അമോക്സിക്ലാവ്, നോർഫ്ലൊക്സാസിൻ, സിപ്രോഫ്ളോക്സാസിൻ, ലെവോഫ്ളൊക്സാസിൻ തുടങ്ങിയവയാണ് കൂടുതൽ ദുരുപയോ​ഗം ചെയ്യപ്പെടുന്ന ആന്റിബയോട്ടിക്കുകൾ എന്നും ഐ.എം.എ. പറഞ്ഞിരുന്നു. അണുബാധ ബാക്റ്റീരിയൽ ആണോ അല്ലയോ എന്ന് ഉറപ്പായതിനുശേഷം മാത്രമേ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും ഐ.എം.എ. നിർദേശിക്കുകയുണ്ടായി.

ബാക്ടീരിയകളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുകയോ അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ അവയെ ഫലശൂന്യമാക്കുന്ന ബാക്ടീരിയയുടെ ആർജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് എന്നു വിളിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker