മഞ്ജു വാര്യർ ഇനി മിനി കൂപ്പറിൽ പറക്കും; പുത്തൻ മോഡൽ സ്വന്തമാക്കി താരം
കൊച്ചി:പുതിയ ഇലക്ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്ന കാറാണ് ഇത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ എക്സ്ഷോറും വില 47.20 ലക്ഷം രൂപയാണ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് വാഹനമായിരിക്കും മിനിയുടെ ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നാണ് വിലയിരുത്തല്‍.
മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപയാണ് ഇലക്ട്രിക് പതിപ്പിന് അധികമായി വരുന്നത്. 2021- അവസാനത്തോടെയാണ് മിനി കൂപ്പര്‍ എസ്.ഇ. ഇലക്ട്രിക് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനുപിന്നാലെ തന്നെ ഈ വാഹനത്തിന്റെ ബുക്കിങ്ങും നിര്‍മാതാക്കള്‍ തുറന്നിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ അനുവദിച്ചിട്ടുള്ളത്.
താരം നിലവിൽ ഉപയോഗിച്ചിരുന്നത് റേഞ്ച് റോവർ വെയ്‌ലർ കാറാണ്. ടാറ്റ മോട്ടോഴ്സിന് കീഴിലെ ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെതാണ് റേഞ്ച് റോവർ വെയ്‌ലർ. 72.47 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ അന്നത്തെ എക്‌സ്ഷോറൂം വില. 2019ലെ പിറന്നാൾ ദിനത്തിലായിരുന്നു മഞ്ജു വാഹനം സ്വന്തമാക്കിയത്. റേഞ്ച് റോവർ സ്വന്തമാക്കിയപ്പോൾ വാഹനം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ മഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. ഡീലർഷിപ്പിൽ ഉള്ളവരോട് ഫോട്ടോയെടുക്കരുതെന്നും താരം പറഞ്ഞിരുന്നു. വെള്ളപ്പൊക്കം കേരളത്തിൽ നാശം വിതച്ചിരുന്ന സമയത്ത് പുതിയ വാഹനത്തെപ്പറ്റിയുള്ള വിവരങ്ങൾ നൽകുന്നതിലെ അനൗചിത്യമായിരുന്നു മഞ്ജുവിന്റെ ആ തീരുമാനത്തിന് പിന്നിൽ. എന്നാൽ കൂപ്പർ സ്വന്തമാക്കിയപ്പോൾ വാഹനത്തിന് ഒപ്പമുളള ചിത്രം താരം പകർത്തിയിട്ടുണ്ട്