ഫ്ലാഷ് മോബിൽ നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ്. അയ്യർ; വിഡിയോ വൈറൽ

പത്തനംതിട്ട:എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ചേർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ് കലക്ടറും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്.

കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാൻ ജില്ലാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു കലക്ടർ. ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കലക്ടറും കൂടിയത്. വിദ്യാർഥികൾക്കൊപ്പം മനോഹര നൃത്തച്ചുവടുകൾ വയ്ക്കുന്ന കലക്ടറുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സ്കൂൾ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്ട്, ക്ലാസിക്കൽ സംഗീതം എന്നിവയിൽ ഏറെ തിളങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് കോട്ടയം കലക്ടറായിരിക്കെ ദിവ്യ റെക്കോർഡ് ചെയ്ത ഗാനം ദേശീയ ശ്രദ്ധ നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News