തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയ നടി ഭാവനക്കെതിരെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട അഡ്വക്കേറ്റ് സംഗീത ലക്ഷ്മണയ്ക്കെതിരെ മാലാ പാര്‍വതി. ‘ഭാവന ചലച്ചിത്രമേളയില്‍ മുഖ്യാതിഥിയായി എത്തിയത് ചരിത്ര മുഹൂര്‍ത്തമാണ്. പീഡിപ്പിക്കപ്പെട്ടാല്‍ പെണ്ണിനല്ല കളങ്കമെന്ന് കേരളം കാണിച്ചുകൊടുത്തുവെന്ന് മാലാ പാര്‍വതി പറഞ്ഞു.
അതേസമയം, റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന നടി ഭാവനയെ ലക്ഷ്യം വെച്ചുളള സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കേണ്ടി വന്നതില്‍ ലജ്ജ തോന്നുന്നു. പ്രതിഷേധിക്കുന്നു… മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു…
‘വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട് കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീഡിപ്പിച്ചു തരും എന്നതിന് സ്‌കോപ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എക്സ്‌ക്യൂസ് മി യേയ്.’ എന്നായിരുന്നു സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിച്ചത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേയും സംഗീത ലക്ഷ്മണ ഫേസ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. ‘എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കര്‍മ്മം നടക്കുന്ന വേദിയില്‍ അവരാധിച്ചിരുത്തിയത്. ഭാവന പറയുന്നത് സത്യമെന്ന് നിനക്ക് ഉറപ്പുണ്ടെങ്കില്‍ പിന്നെ നീ എന്തിനാടാ അന്ന് ജയിലില്‍ പോയി ദിലീപിനെ കണ്ടത്.’ എന്നും സംഗീത ലക്ഷ്മണയിട്ട മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’ എന്നാണ് ഭാവനയെ അദ്ദേഹം അഭിസംബോധന ചെയ്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയില്‍ പങ്കെടുത്തത്.