അഡ്ജസ്റ്മെന്റിന് തയ്യാറാവണം, ആറ് മാസത്തെ ഡീൽ! കാറും വീടുമെല്ലാം സ്വന്തമാക്കാം; ദുരനുഭവം പങ്കുവെച്ച് നടി ലാവണ്യ
കൊച്ചി:സിനിമയിലും സീരിയലിലുമെല്ലാം ഒരു അവസരം ലഭിക്കാനായി കഷ്ടപ്പെടുന്നവർ നിരവധി പേരുണ്ട്. സിനിമാ പാരമ്പര്യങ്ങളോ ഇൻഡസ്ട്രിയിൽ മറ്റു ബന്ധങ്ങളോ ഇല്ലാത്തവരെ സംബന്ധിച്ച് സ്‌ക്രീനിൽ ഒന്ന് മുഖം കാണിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ അവസ്ഥയെ ചൂഷണം ചെയ്യാൻ കച്ചക്കെട്ടി നടക്കുന്നവരും ഈ മേഖലയിൽ നിരവധിയാണ്. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടതായി ഒരുപാട് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്.
സിനിമാ, സീരിയല്‍ രംഗത്തും നിന്നും ഒരുപോലെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചെന്നും അഡ്ജസ്റ്മെന്റനും പേരിട്ട് വിളിക്കുന്ന ഈ മോശം പ്രവണതയ്ക്ക് ഭാഷയുടെ അതിര്‍വരമ്പുകളില്ല എന്നതാണ് മറ്റൊരു വസ്തുത. മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള സിനിമകളില്‍ ഇത്തരം ദുരനുഭവം നേരിടേണ്ടി വന്നവരുണ്ട്. നടിമാരെ കൂടാതെ ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നടന്മാരുമുണ്ടെന്നതാണ് മറ്റൊരു കാര്യം. മീടു മൂവ്‌മെന്റിന്റെ ഭാഗമായും അല്ലാതായും ഇതേ കുറിച്ച് തുറന്ന് പറഞ്ഞവരുടെ കൂട്ടത്തില്‍ പ്രമുഖ താരങ്ങളടക്കമുണ്ട്.
കാലം മാറിയെങ്കിലും ഇത്തരം ചൂഷണങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. അടുത്തിടെയായി തമിഴ് സീരിയല്‍ രംഗത്തു നിന്നും കാസ്റ്റിംഗ് കൗച്ച് സംബന്ധിച്ച ഒരുപാട് വെളിപ്പെടുത്തലുകൾ ഉണ്ടാകുന്നുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രമുഖ തമിഴ് ടെലിവിഷൻ താരമായ നിമേഷിക രാധാകൃഷ്ണൻ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയത്. തന്നോട് അഡ്ജസ്റ്മെന്റിന് ആവശ്യപ്പെട്ടയാളെ ചീത്ത വിളിച്ചു എന്നാണ് നടി വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ അതിനു പിന്നാലെ മറ്റൊരു സീരിയൽ നടിയുടെ വെളിപ്പെടുത്തൽ കൂടി തമിഴകത്ത് ചർച്ചയാവുകയാണ്. സൂപ്പർ ഹിറ്റായ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സീരിയലിലൂടെ ശ്രദ്ധനേടിയ നടി ലാവണ്യയുടെ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ചിലിപ്പിങ്കെ മുത്ത് എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ലാവണ്യ. പാണ്ട്യൻ സ്റ്റോഴ്സിൽ മുല്ലൈ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇതു കൂടാതെ ഏതാനും വെബ് സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ വിളിച്ച ഒരു കാസ്റ്റിംഗ് ഡയറക്ടർ കൂടെ താമസിക്കാൻ തന്നോട് ആവശ്യപ്പെട്ടു എന്നാണ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ലാവണ്യ വെളിപ്പെടുത്തിയത്. ആറ് മാസത്തോളം അയാളുമായി അടുത്ത ബന്ധം സൂക്ഷിക്കാനാണ് പറഞ്ഞത്. അയാൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു. ആ കാസ്റ്റിംഗ് ഡയറക്ടർ എനിക്ക് അറിയാവുന്ന ആളായിരുന്നു. 6 മാസം അങ്ങനെ നിന്നാൽ കരിയറിൽ വളരെ ഉയരത്തിൽ തന്നെ എത്തിക്കാമെന്ന് പറഞ്ഞു എന്നുമാണ് ലാവണ്യ പറഞ്ഞത്.
തന്റെയൊപ്പം അത്തരത്തിൽ സഹകരിച്ച മൂന്ന് നടിമാർ വീടും കാരുമെല്ലാം വാങ്ങി വലിയ നിലയിലെത്തി എന്നും അയാൾ പറഞ്ഞു. സംവിധായകന്റെ സംസാരം കേട്ട് താൻ ഞെട്ടിപ്പോയെന്നും ഒന്നും മിണ്ടാതെ ഫോൺ വയ്ക്കുകയായിരുന്നുവെന്നും ലാവണ്യ തുറന്നു പറഞ്ഞു. ഇതേക്കുറിച്ച് പറഞ്ഞാൽ അയാൾ തന്റെ കരിയർ നശിപ്പിക്കുമോ എന്ന പേടി ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയും കാലം പറയാതിരുന്നത് എന്നും നടി പറയുകയുണ്ടായി. ഇത്രയും കാര്യങ്ങൾ പറഞ്ഞെങ്കിലും കാസ്റ്റിംഗ് ഡയറക്ടർ ആരായിരുന്നു എന്ന് പറയാൻ ലാവണ്യ തയ്യാറായില്ല.
അതേസമയം അടുത്തിടെ കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയവരില്‍ മുന്‍നിര താരമായ വരലക്ഷ്മി ശരത്കുമാര്‍ അടക്കമുണ്ട്. താരപുത്രിയായിരുന്നിട്ടും തന്നോട് അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ പറഞ്ഞുവെന്നാണ് വരലക്ഷ്മി പറഞ്ഞത്. തന്റെ അവസ്ഥ ഇതാണെങ്കില്‍ സിനിമയില്‍ യാതൊരു ബന്ധങ്ങളുമില്ലാതെ കടന്നു വരുന്ന സാധാരണക്കാരികളായ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും വരലക്ഷ്മി ചോദിക്കുകയുണ്ടായി.