ഇത് നമ്മുടെ പഴയ കനക തന്നെയോ! വെെറലായി പ്രിയനടിയുടെ ചിത്രം
ചെന്നൈ:മികച്ച ഒട്ടേറ കഥാപാത്രങ്ങളുമായി സിനിമാലോകത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്ന അഭിനേത്രിയാണ് കനക. സിദ്ദിഖ് സംവിധാനം ചെയ്ത ‘ഗോഡ്ഫാദറി’ലെ മാലു എന്ന കഥാപാത്രം മുതൽ ഏഴര പൊന്നാന, വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, വാർധക്യ പുരാണം, പിൻഗാമി, മന്ത്രി കൊച്ചമ്മ, നരസിംഹം വരെയുള്ള ഒട്ടുമിക്ക സിനിമകളും കനകയുടെ വേഷങ്ങളും വലിയ ഹിറ്റ് ആയിരുന്നു. 2000-ലാണ് കനക അഭിനയ ലോകത്തുനിന്നും അപ്രത്യക്ഷയാവുന്നത്.
കുറേക്കാലം നിശബ്ദമായ ജീവിതം നയിക്കുകയായിരുന്നു. അതിനിടെ നടിയുടെ വ്യക്തിജീവിതം വലിയ ചർച്ചയായി. കാൻസർ ബാധിച്ച് കനക മരിച്ചുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിച്ചു. സ്വത്തും സമ്പാദ്യവും അച്ഛൻ തട്ടിയെടുത്തു എന്ന ആരോപണവുമായി രംഗത്ത് വന്നതോടെയാണ് കനക വീണ്ടും മാധ്യമങ്ങളിൽ നിറയുന്നത്. ഇപ്പോഴിതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാവുന്നു. ഈ ചിത്രങ്ങളിൽ ഉള്ളത് കനക തന്നെയാണോ എന്നാണ് ആരാധകരുടെ സംശയം.
തമിഴ് സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നടി ദേവികയുടെ മകളായിട്ടാണ് കനക അഭിനയ ലോകത്തേക്ക് എത്തിയത്. കരകാട്ടക്കാരൻ എന്ന ആദ്യ ചിത്രം വൻ ഹിറ്റായി. തുടർന്ന് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം അവസരങ്ങൾ ഒഴുകിയെത്തി. അമ്മയായിരുന്നു കനകയ്ക്ക് എല്ലാം. കനക ചെറുതായിരിക്കുമ്പോൾ തന്നെ ദേവികയും ഭർത്താവ് ദേവദാസും വേർപിരിഞ്ഞിരുന്നു. പിന്നീട് അമ്മയും മകളും ഒറ്റയ്ക്കുള്ള ജീവിതമായി. അമ്മ മരണപ്പെട്ടതോടെ ആരുമില്ലാത്ത അവസ്ഥയിൽ കനക മാനസികമായി തകർന്നു.
കനകയെ അന്വേഷിച്ചു പോയതും പിന്നീട് കണ്ടുമുട്ടിയതിനെക്കുറിച്ചും നടി കുട്ടി പദ്മിനി കുറച്ച് കാലങ്ങൾക്ക് മുൻപ് വീഡിയോ പങ്കുവച്ചിരുന്നു. കനക ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണെന്നും പക്ഷെ ഒരുപാട് പേർ അവരെ കബളിപ്പിച്ചതിനാൽ ആരോടെങ്കിലും അടുത്തിടപഴകാൻ ഭയമാണെന്നും കുട്ടി പത്മിനി വ്യക്തമാക്കിയിരുന്നു.
കുട്ടിപത്മിനിയുടെ വാക്കുകൾ
”ആ പ്രദേശത്ത് ഒരുപാട് അന്വേഷിച്ചാണ് കനകയുടെ വീട് കണ്ടുപിടിച്ചത്. അകത്ത് ലൈറ്റ് കത്തുന്നുണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിച്ചപ്പോൾ അവർ പറഞ്ഞത്, കനക എപ്പോൾ വരുമെന്നോ പോകുമെന്നോ ഒന്നും തങ്ങൾക്ക് അറിയില്ലെന്നാണ്. അവരുടെ അമ്മ ദേവിക എന്ത് സ്‌നേഹമുള്ള സ്ത്രീയായിരുന്നു. മകൾക്ക് ഈ ഗതി വന്നുവല്ലോ, അവളെ സഹായിക്കാൻ ആരുമില്ലല്ലോ എന്നോർത്ത് വല്ലാതെ വിഷമിച്ചു പോയി.
പെട്ടെന്നാണ് ഒരു ഓട്ടോയിൽ കനക വന്നത്. ഞാൻ പെട്ടെന്ന് പോയി കെട്ടിപിടിച്ചു. നിനക്ക് ഓർമ്മയുണ്ടോ എന്നറിയില്ല, ഞാൻ കുട്ടി പത്മിനി ആന്റിയാണെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ആന്റിയല്ല അക്കയാണ്, എന്റെ അമ്മയുടെ വയസൊന്നും ഇല്ലല്ലോ എന്ന് കനക പറഞ്ഞു. നിങ്ങളെ എങ്ങനെ മറക്കുമെന്ന് ചോദിച്ച് അവൾ റോഡിൽവെച്ച് തന്നെ സംസാരിച്ച് തുടങ്ങി. പുറത്ത് ഏതെങ്കിലും ഷോപ്പിൽ പോയി കോഫി കുടിക്കാൻ പോകാം എന്നു പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. ഓട്ടോ വിട്ടിട്ട് എന്റെ കാറിൽ കയറി.
കാർ റിപ്പയർ ആണ് ചേച്ചി അതാ ഇപ്പോൾ ഓട്ടോയിൽ ഒക്കെ പോകുന്നത് എന്ന് പറഞ്ഞു. അവളുടെ വീട്ടിൽ ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവളോട് പെട്ടെന്ന് ഈ പഴയ കാർ ഒക്കെ കൊടുത്ത് പുതിയ കാർ വാങ്ങാൻ പറഞ്ഞു. കോഫീ ഷോപ്പിൽ പോയി കോഫീ ഒക്കെ കുടിച്ച് എന്നോട് കുറെ സമയം സംസാരിച്ചു. നല്ല ബബ്ലി ആയിട്ട്, ക്യൂട്ട് ആയിട്ടുണ്ടായിരുന്നു കനക. അവിടെ നിന്നും കേക്ക് ഉൾപ്പെടെ അവൾക്ക് ഇഷ്ടപ്പെട്ടത് ഒക്കെ വാങ്ങി കൊടുത്തു. ഞാൻ പൈസ കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ല. അവൾ തന്നെ കൊടുത്തു.
നമുക്ക് ഒരുമിച്ച് ഒരു ഇന്റർവ്യൂ ചെയ്യണം എന്ന് ഞാൻ പറഞ്ഞു. ചെയ്യാം ചേച്ചി, എപ്പോഴാണെന്ന് പറഞ്ഞാൽ മതിയെന്ന് അവൾ എന്നോട് പറഞ്ഞു. എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാൻ ദേഷ്യപ്പെട്ട് ചോദിച്ചു. .ഈ പഴയ വീടെല്ലാം കൊടുത്ത് നല്ല വീടുവാങ്ങി റാണിയെ പോലെ കഴിയണം എന്ന് ഞാൻ പറഞ്ഞു. അക്ക, ഇപ്പോൾ അച്ഛനുമായി സമരസത്തിലായി, ഇനി സ്വത്തിന്റെ പേരിലുള്ള കോടതി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കനക മറുപടി നൽകി. അവളുടെ അച്ഛനെ നേരിൽ കണ്ട് സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ.
എന്തിനാണ് ആരോടും ഒരു ബന്ധവും ഇല്ലാതെ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതെന്ന് ചോദിച്ചു. വിദേശരാജ്യത്തൊക്കെ ടൂർ ഒക്കെ പോയി സന്തോഷമായി ജീവിച്ചൂടെ എന്നൊക്കെ ചോദിച്ചു. ഇപ്പോൾ കുറച്ച് ഭാരം കൂടിയിട്ടുണ്ട്. അതെങ്ങിനെ കുറയ്ക്കാം എന്നൊക്കെ ഒരുപാട് സംസാരിച്ചു. കനക നന്നായിട്ട് നൃത്തം ചെയ്യുന്ന ആളാണ്. നിനക്ക് ഡാൻസ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോൾ അയ്യോ ചേച്ചി ഞാൻ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയിൽ എന്നൊക്കെ പറഞ്ഞു.
കനക ഇപ്പോൾ ഒരുപാട് സന്തോഷത്തിലാണ്. പക്ഷെ ഒരുപാട് പേർ അവരെ കബളിപ്പിച്ചതിനാൽ ആരോടെങ്കിലും അടുത്തിടപഴകാൻ ഭയമാണ്. അമ്മ പൊത്തിവെച്ച് വളർത്തിയതാണ്. സിനിമ വിട്ട ശേഷം കോടതി കേസുകളിൽ ജീവിതം പോയി. ആരെയും വിശ്വസിക്കാൻ പറ്റില്ല, എല്ലാവരും നല്ലത് പോലെ പെരുമാറും. എന്നാൽ എന്തെങ്കിലുമൊരു കാര്യത്തിൽ ചതിക്കും. അതുകൊണ്ടാണ് ആരും വേണ്ടെന്ന് തീരുമാനിച്ചതെന്ന് കനക പറഞ്ഞു. ഭഗവാൻ കൃഷ്ണൻ അവൾക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കും എന്നെനിക്ക് നല്ല പ്രതീക്ഷയുണ്ട്”- കുട്ടി പദ്മിനി പറഞ്ഞു.