സൗന്ദര്യം വർധിപ്പിക്കാനായി പ്ലാസ്റ്റിക് സർജറി ചെയ്തു, രക്തം കട്ടപിടിച്ച് നടി ജാക്വലിന് ദാരുണാന്ത്യം
ലോസ് ഏഞ്ചൽസ്: മുൻ അർജന്‍റീനിയൻ സുന്ദരിയും നടിയുമായ ജാക്വലിൻ കാരിയേരി (48) മരിച്ചു. കോസ്മെറ്റിക് സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം. പ്ലാസ്റ്റിക് സർജറിക്ക് ശേഷം രക്തം കട്ടപിടിക്കുകയും നടിയുടെ ആരോഗ്യനില വഷളായി മരണപ്പെടുകയുമായിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കാലിഫോർണിയയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ലാറ്റിനമേരിക്കൻ സിനിമയിലെ നിറ സാനിധ്യമായിരുന്നു ജാക്വലിൻ കാരിയേരി. നടിയുടെ മരണം സിനിമ മേഖലയേയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ നടിയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.
ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വലിൻ. മരണ സമയത്ത് ജാക്വലിന്‍റെ മക്കളായ ക്ലോയും ജൂലിയനും ആശുപത്രിയിലുണ്ടായിരുന്നുവെന്ന് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അർജന്‍റീനയിലെ സൌന്ദര്യമത്സരങ്ങളിൽ നിരവധി തവണ വിജയിയായിരുന്ന ജാക്വലിൻ കാരിയേരിക്ക് വലിയ ആരാധകരുണ്ടായിരുന്നു. മോഡലിംഗിലും നാടകങ്ങളിലും സിനിമകളിലും നിറസാന്നിധ്യമായിരുന്നു താരം. അടുത്തിടെ ഇന്ത്യയിലും പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ സിനിമാ താരം മരണപ്പെട്ടിരുന്നു. കന്നട നടി ചേതന രാജ് ആണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കൊഴുപ്പ് കുറക്കാന്‍ നടി പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില ഗുരുതരമായി നടി മരണപ്പെടുകയായിരുന്നു.