നിങ്ങള്‍ക്ക് എത്ര പണം ഉണ്ടായാലും നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉണ്ടാവൂ,കൊവിഡ് ബാധിതയായ നടി ബീനാ ആന്റണിയുടെ അവസ്ഥയില്‍ പരിതപിച്ച് ഭര്‍ത്താവ്

കൊച്ചി:ടെലിവിഷന്‍ സീരിയല്‍ താരം ബീന ആന്റണിയ്ക്ക് കൊവിഡ് 19 പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആ അവസ്ഥ തീച്ചൂളയിലൂടെ നടക്കുന്നത് പോലെ പൊള്ളുന്നതും വേദന നിറഞ്ഞതും ആയിരുന്നു എന്ന് ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് നായര്‍ പറയുന്നു. ഇപ്പോള്‍ ബീന അപകട നില തരണം ചെയ്തു എന്ന് മനോജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചു.

ജീവിതത്തില്‍ ഏറ്റവും വേദന അനുഭവിച്ച അവസ്ഥയായിരുന്നു അത് എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് സംസാരിച്ചു തുടങ്ങിയത്. കൂടെ അഭിനയിച്ച ഒരു ലേഡി ആര്‍ട്ടിസ്റ്റിന് കൊവിഡ് പോസിറ്റീവ് ആയത് അറിഞ്ഞത് മുതല്‍ ബീന സെല്‍ഫ് ക്വാറന്റീനില്‍ ആയിരുന്നു. ആറ് ദിവസം മുന്‍പ് രോഗ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ആശുപത്രിയില്‍ കൊണ്ടു പോയി ആന്റിജന്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. എന്നാര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തപ്പോള്‍ പോസ്റ്റീവ് ആണെന്ന് കണ്ടു.

വിവരം അറിഞ്ഞപ്പോള്‍ തന്നെ ചികിത്സ ആരംഭിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും ബീനയുടെ ലെന്‍സില്‍ ന്യൂമോണി ബാധിച്ചു കഴിഞ്ഞിരുന്നു. ചേച്ചിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ട് ആറ് മാസം കഴിഞ്ഞതേ ഉള്ളൂ. ആ വേദനയില്‍ നിന്ന് ബീന കരകയറിയിട്ടില്ല. അതുകൊണ്ട് ന്യൂമോണിയ ബാധിച്ച വിവരം ഞാന്‍ അവളില്‍ നിന്നും മകനില്‍ നിന്നും മറച്ചു വച്ചു. എന്നാല്‍ സ്ഥിതി മോശമാവാന്‍ തുടങ്ങിയപ്പോള്‍ കാര്യം പറഞ്ഞു.

ആശുപപത്രിയിലേക്ക് മാറ്റിയാല്‍ മാത്രമേ ഐസിയു സൗകര്യങ്ങളോടു കൂടി കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ധൈര്യം മുഴുവന്‍ ചോര്‍ന്ന് പോയി. പക്ഷെ ഇപ്പോള്‍ അവളുടെ നില മെച്ചപ്പെട്ടു. അപകട നില തരണം ചെയ്തു എന്ന് പറയുമ്പോള്‍ മനോജിന്റെ കണ്ണില്‍ കണ്ണുനീര്‍ നിറഞ്ഞു നിന്നിരുന്നു.

എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് എന്ന് മനോജ് പറഞ്ഞു. ദയവു ചെയ്ത് വളരെ അധികം ശ്രദ്ധിയ്ക്കുക. കൃത്യമായി മാസ്‌ക് ധരിയ്ക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുക. കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുക. ഇതൊന്നും ചെയ്യാതെ പൊലീസിനെയും സര്‍ക്കാറിനെയും വിഡ്ഡികളാക്കാം എന്ന് നിങ്ങള്‍ കരുതരുത്.

അവിടെ വിഡ്ഡികളാകുന്നത് നിങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് എത്ര പണം ഉണ്ടായാലും നോട്ടുകള്‍ക്ക് കടലാസിന്റെ വില മാത്രമേ ഉണ്ടാവൂ. ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിയില്ല- മനോജ് നായര്‍ പറഞ്ഞു.