ദിലീപിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി; വിചാരണയ്ക്ക് ഫോറന്‍സിക് റിപ്പോര്‍ട്ട് ആവശ്യമില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണാ നടപടിയുമായി ഫോറന്‍സിക് റിപ്പോര്‍ട്ടിനു ബന്ധമില്ലെന്നു സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ പ്രതിയായ നടന്‍ ദിലീപ് ആവശ്യപ്പെട്ട ഫോറന്‍സിക് പരിശോധനാഫലം വിചാരണത്തുടക്കത്തില്‍ ആവശ്യമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ദിലീപിന്റെ ഹര്‍ജി 17-നു സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹാജരാകും.
ഫോറന്‍സിക് പരിശോധനാഫലം വരുന്നതുവരെ വിചാരണ തുടങ്ങരുത്, വിചാരണക്കോടതി തന്നെ പ്രതിചേര്‍ത്ത നടപടി റദ്ദാക്കുക, പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍, ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതു വിചാരണ വൈകാന്‍ ഇടയാക്കുമെന്നാണു സര്‍ക്കാര്‍ വാദം.
കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ പറയുന്നു. വിചാരണാനടപടി ആരംഭിച്ചതിനാല്‍ തന്റെ അപേക്ഷ വേഗത്തില്‍ പരിഗണിക്കണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഒന്നാംസാക്ഷിയായ നടിയെ ക്രോസ് വിസ്താരം ചെയ്യാന്‍ ഫോറന്‍സിക് പരിശോധനാഫലം ആവശ്യമാണ്. അതിനു മുമ്പ് വിചാരണ നടത്തുന്നതു നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്യമാണെന്നും പ്രതിഭാഗം വാദിക്കുന്നു.