അമ്മ സംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു മറുപടി, എന്നാല്‍ പിന്നീട് വന്ന ചുരുക്കം സിനിമകള്‍ ചെയ്ത ചില താരങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തു
താരസംഘടനയായ അമ്മയില്‍ തനിക്ക് അംഗത്വം നിഷേധിച്ചതിനെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുമായി നടന്‍ വിഷ്ണു പ്രസാദ്. നടന്‍ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്നും വിഷ്ണു വെളിപ്പെടുത്തി.
”അമ്മ എന്ന സംഘടനയില്‍ എന്തുകൊണ്ട് അംഗത്വം നിഷേധിച്ചു? വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന കാര്യമാണ്. എന്നാലും മനസ് തുറക്കാമെന്നു വിചാരിച്ചു. വിനയന്‍ സാര്‍ തമിഴില്‍ സംവിധാനം ചെയ്ത കാശി ആണ് എന്റെ ആദ്യ ചിത്രം. പിന്നീട് ഫാസില്‍ സാറിന്റെ കൈയെത്തും ദൂരത്ത്, ജോഷി സാറിന്റെ റണ്‍വേ, മാമ്പഴക്കാലം, ലയണ്‍… അതിനു ശേഷം ബെന്‍ ജോണ്‍സന്‍, ലോകനാഥന്‍ ഐ എ എസ്, പതാക, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
ആ സമയത്ത് ഞാന്‍ അമ്മ സംഘടനയില്‍ അംഗത്വത്തിനായി അപേക്ഷിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ ചെയ്യൂ എന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് വന്ന ചുരുക്കം സിനിമകള്‍ ചെയ്ത ചില താരങ്ങള്‍ക്ക് അംഗത്വം നല്‍കുകയും ചെയ്തു. അത് എന്തുകൊണ്ടാണ്. മലയാളസിനിമയില്‍ സ്വജനപക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്ന നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണ്. ഞാന്‍ അതിനു സാക്ഷിയും ഇരയുമാണ്”.-വിഷ്ണു പറഞ്ഞു.