ആറാം ക്ലാസുകാരിയ്ക്ക് ഇത്ര ചിലവോ? പഠനച്ചെലവ്;ആരാധ്യ ബച്ചന്റെ സ്കൂൾ ഫീസ് കേട്ട് അമ്പരന്ന് ആരാധകർ
മുംബൈ:ബോളിവുഡിൽ സിനിമാ താരങ്ങളൊപ്പം തന്നെ താരങ്ങളുടെ മക്കൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കാറ്. അടുത്ത കാലത്തായി താരകുടുംബങ്ങളിലെ പുതുതലമുറയെക്കുറിച്ച് വ്യാപക ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും മകളായ ആരാധ്യയെ ചെറിയ പ്രായം മുതൽ പാപ്പരാസി ക്യാമറകൾക്ക് മുമ്പിൽ കാണുന്നുണ്ട്. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യ റായ്ക്ക് ഇഷ്‌ടമല്ല.
അതിനാൽ തന്നെ താൻ പോകുന്ന മിക്ക ഇവന്റുകൾക്കും നടി മകളെയും ഒപ്പം കൂട്ടും. കാൻ ഫിലിം ഫെസ്റ്റിവലിനുൾപ്പെടെ ഐശ്വര്യ മകളെയും ഒപ്പം കൂട്ടി. പലപ്പോഴും ഇത് വിമർശനങ്ങൾക്കും കാരണമാകാറുണ്ട്.
റാണി മുഖർജി, അനുഷ്ക ശർമ തുടങ്ങിയ താരങ്ങളെല്ലാം പാപ്പരാസി ക്യാമറക്കണ്ണുകളിൽ നിന്നും മക്കളെ പരമാവധി മാറ്റി നിർത്താൻ ശ്രമിക്കുന്നവരാണ്.
മക്കൾ താരമാണെന്ന ചിന്തയില്ലാതെ സാധാരണ അന്തരീക്ഷത്തിൽ വളരട്ടെയെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ ഐശ്വര്യ ചെറുപ്പം മുതലേ ലൈം ലൈറ്റിൽ മകളെ കാെണ്ടുവരുന്നു. ആരാധ്യയുടെ ചിന്താഗതികളെ ഇത് ബാധിക്കുമെന്നാണ് വിമർശകരുടെ വാദം. എന്നാൽ ഇത്തരം വാദങ്ങളൊന്നും ഐശ്വര്യ കാര്യമാക്കാറില്ല.
ആരാധ്യയുടെ സ്കൂൾ ഫീസിനെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. മുംബൈയിലെ ഏറ്റവും വലിയ പ്രമുഖരുടെ മക്കൾ പഠിക്കുന്ന ധീരു ഭായ് അംബാനി ഇൻർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. ഒരു ലക്ഷം രൂപ മുതൽ പത്ത് ലക്ഷം രൂപവരെ നീളുന്നതാണ് ഈ സ്കൂളിലെ ഫീസ്. എൽകെജി മുതൽ ഏഴാം ക്ലാസ് വരെ ഒരു വർഷത്തേക്ക് 1.70 ലക്ഷം രൂപയാണ് ഫീസ്. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരു വർഷത്തേക്ക് 4.48 ലക്ഷം രൂപ നൽകണം. പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് 9.65 ലക്ഷം രൂപയാണ് വാർഷിക ഫീസ്. ആറാം ക്ലാസുകാരിയാണ് ആരാധ്യ.
ആരാധ്യയെക്കൂടാതെ ബി ടൗണിലെ മറ്റ് താരങ്ങളുടെ മക്കളും ഈ സ്കൂളിലാണ് പഠിക്കുന്നത്. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, കരീന കപൂറിന്റെ മകൻ തൈമൂർ അലി ഖാൻ, കരിഷ്മ കപൂറിന്റെ മകൾ സമൈറ തുടങ്ങി താരകുടുംബത്തിലെ കുട്ടികളുടെ വലിയൊരു നിര തന്നെ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ആരാധ്യയെക്കുറിച്ച് പിതാവ് അഭിഷേക് ബച്ചൻ അടുത്തിടെ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.
മകൾ കുടുംബത്തിന്റെ മഹിമയെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും ഐശ്വര്യ മകൾക്ക് അത് പറഞ്ഞ് കൊടുക്കുന്നുണ്ടെന്നും അഭിഷേക് തുറന്ന് പറഞ്ഞു. ആരാധ്യയെ വളർത്തിക്കൊണ്ട് വരുന്നതിന്റെ ഭാരം തനിക്ക് അനുഭവിക്കേണ്ടി വരാറില്ല. കൂടുതൽ ഉത്തരവാദിത്വങ്ങളും ചെയ്യുന്നത് ഐശ്വര്യയാണ്.
എന്റെ ജോലി ചെയ്യാൻ ഐശ്വര്യ അനുവദിക്കുന്നു. കുട്ടിയുടെ ഡിഗ്നിറ്റിയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ചിലപ്പോൾ അവരെ ശാസിക്കാൻ നമുക്ക് തോന്നും. കാരണം നമ്മൾ അങ്ങനെയാണ് വളർന്നത്. എന്നാൽ പുതിയ തലമുറയിലെ കുട്ടികൾ കൂടുതൽ സെൻസിറ്റീവാണെന്നും അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി. മകൾ ജനിച്ച ശേഷം ഐശ്വര്യ സിനിമാ രംഗത്ത് തിരക്കുകൾ കുറച്ചിട്ടുണ്ട്.
വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അമ്മയായ ശേഷം ഐശ്വര്യ അഭിനയിച്ചത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയൻ സെൽവൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ഐശ്വര്യ തിരിച്ച് വന്നിട്ടുണ്ട്. നടിയുടെ പുതിയ സിനിമകളുടെ പ്രഖ്യപനം ഇതുവരെ നടന്നിട്ടില്ല.