NationalNews

Aravindkejrival|പഞ്ചാബ് തൂത്തുവാരി, കെജ്രിവാളിന്റെ കണ്ണ് ഇനി ഗുജറാത്തിലേക്ക്;മോദിയുടെയും അമിത് ഷായുടെയും അടിവേരിളക്കാന്‍ ആംആദ്മി

ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയതോടെ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടികളില്‍ ഒന്നായി ഉയരുകയാണ്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ഗുജറാത്താണ് എഎപി ലക്ഷ്യമിടുന്നത്. അടുത്ത മാസം ഗുജറാത്തില്‍ കെജരിവാളും ഭഗവന്ത് മാനും ചേര്‍ന്ന് വിജയ യാത്ര നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എഎപിയുടെ നിര്‍ണായക നീക്കം.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത്. നിലവിലെ സാഹചര്യത്തില്‍ ബിജെപിയുടെ പ്രാഥമിക പ്രതിപക്ഷ കക്ഷിയായി ഉയര്‍ന്ന് വരാനാണ് എഎപി ശ്രമിക്കുന്നത്. അവിടെയും കോണ്‍ഗ്രസിന് ബദലെന്ന നീക്കത്തിനാണ് കെജരിവാള്‍ ശ്രമിക്കുന്നത്.

ബിജെപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ അധികാരമുള്ള ഒരെയൊരു പാര്‍ട്ടിയായി പഞ്ചാബ് വിജയത്തോടെ ആപ്പ് മാറി. ദില്ലി അതിര്‍ത്തി കടന്നുള്ള വളര്‍ച്ച ആംആദ്മിപാര്‍ട്ടി കുറിക്കുമ്പോള്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രണ്ട് സംസ്ഥാനങ്ങളിലെ പാര്‍ട്ടിയും ഭരണവും നിയന്ത്രിക്കാന്‍ കെജരിവാള്‍ ശക്തനായ ഹൈക്കമാന്‍ഡ് ആകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ദില്ലിയില്‍ വിശ്വസ്തനായ മനീഷ് സിസോദിയക്ക് കണ്ണുംപൂട്ടി കേജ്രിവാളിന് ഭരണമേല്‍പിക്കാം.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച് പാര്‍ട്ടി ഏകോപനത്തിലേക്ക് കേജ്രിവാള്‍ കടന്നാല്‍ ദില്ലിക്കാരുടെ എതിര്‍പ്പ് എഎപിയെ വെട്ടിലാക്കും. ദില്ലി മുഖ്യമന്ത്രിയായി തുടരുകയും ഭാഗവന്ത് മന്നിനെ മുന്നില്‍ നിര്‍ത്തി സൂപ്പര്‍ മുഖ്യമന്ത്രിയാകാന്‍ കേജ്രിവാള്‍ ശ്രമിച്ചാല്‍ പഞ്ചാബിലും പ്രശ്‌നങ്ങള്‍ തുടങ്ങും. അഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയുന്ന നിലപാടുകളില്‍ സന്ധിയില്ലാത്ത നേതാവാണ് ഭാഗവന്ത് മന്‍. കെജരിവാളിനോടും എതിര്‍പ്പ് പ്രകടിപ്പിച്ച് എഎപി സംസ്ഥാന കണ്‍വീനാര്‍ സ്ഥാനം വലിച്ചെറിഞ്ഞ ചരിത്രവും നിയുക്ത പഞ്ചാബ് മുഖ്യമന്ത്രിക്കുണ്ട്. വിട്ടുവീഴ്ചകളോടെ ഒപ്പം നിര്‍ത്തുക തന്നെയാണ് പ്രധാന വെല്ലുവിളി.

അന്തര്‍ സംസ്ഥാന പ്രശ്‌നങ്ങളില്‍ ഏറ്റവും പ്രധാനം സത്‌ലജ് നദിയെ യമുനയുമായി ബന്ധിപ്പിക്കുന്നതിലെ തര്‍ക്കമാണ്. പഞ്ചാബ് ഒരു ഭാഗത്തും ഹരിയാന ദില്ലി സംസ്ഥാനങ്ങള്‍ മറുഭാഗത്തുമാണ്. കര്‍ഷകരെ തൊട്ടാല്‍ പൊള്ളുന്ന പഞ്ചാബില്‍ ഏത് സംസ്ഥാനത്തിന്റെ താത്പര്യം എഎപി ഉയര്‍ത്തിപിടിക്കും എന്നതും പ്രധാന ചോദ്യമാണ്. പരിമിതമായ അധികാരങ്ങളുള്ള സര്‍ക്കാരാണ് ദില്ലി സര്‍ക്കാര്‍.

അതെസമയം സംസ്ഥാനത്തിന്റെ പൂര്‍ണ്ണ അധികാരങ്ങളുള്ള പഞ്ചാബില്‍ ഭരണത്തില്‍ എത്തുമ്പോള്‍ എഎപിയുടെ കാഴ്ചപാടുകള്‍ എന്താകും എന്നതും ശ്രദ്ധേയമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നതില്‍ ദില്ലി മോഡലിനോളം ഇനി എഎപിക്ക് പ്രധാനം പഞ്ചാബ് മോഡലാണ്. കര്‍ഷക ക്ഷേമത്തിലും ആഭ്യന്തര നയത്തിലും എഎപിയുടെ ചുവടുകളും മറ്റ് സംസ്ഥാനങ്ങളും ഉറ്റുനോക്കുന്നു.

ആംആദ്മി പാര്‍ട്ടിയുടെ ചരിത്ര മുന്നേറ്റത്തില്‍ പഞ്ചാബില്‍ സൂപ്പര്‍മാനായി മാറിയിരിയ്ക്കുകയാണ് ഭഗവന്ത് മന്‍. ജനങ്ങളുടെ അഭിപ്രായം തേടിയുള്ള ആംആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനത്തിലൂടെയാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് മാന്‍ എത്തുന്നത്. ഹാസ്യതാരത്തില്‍ തുടങ്ങിയ അദ്ദേഹം ഇനി പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ മണ്ണില്‍ തെരഞ്ഞെടുപ്പിനെ നയിക്കാന്‍ ഭഗവന്ത് മന്‍ എന്ന പേര് അരവിന്ദ് കെജരിവാള്‍ നിര്‍ദേശിച്ചത് അപ്രതീക്ഷിതമായായിരുന്നു. ഞെട്ടിക്കുന്ന സര്‍പ്രൈസില്‍ അന്ന് കണ്ണുനീരണിഞ്ഞ ഭഗവന്ത് മാന്‍ ഇന്ന് പാര്‍ട്ടിയുടെ വന്‍ വിജയത്തില്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുകയാണ്.

സാധാരണക്കാരുടെ അഭിപ്രായം തേടിയ ശേഷം നേതാവിനെ പ്രഖ്യാപിച്ച് പഞ്ചാബിന്റെയാകെ ജനവിധി പോക്കറ്റിലാക്കിയ ആപ്പ് രാഷ്ട്രീയം ലോക്‌സഭാ സെമിഫൈനലിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അന്നത്തെ ജനകീയാഭിപ്രായത്തില്‍ 90 ശതമാനമായിരുന്നു ഭഗവന്ത് മാന്റെ ജനകീയത. നിലപാടിലുറച്ചാല്‍ പിന്നെ മാറാത്ത പഞ്ചാബ് ജനത അതുക്കും മേലെ നല്‍കിയാണ് ഇപ്പോള്‍ ഭഗവന്തിനെ മുഖ്യമന്ത്രി കസേരയിലേക്ക് ആനയിക്കുന്നത്. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങളെ കാഴ്ച്ചക്കാരാക്കി ഇരുത്തി, സ്മാഷുകള്‍ പായിക്കുന്ന വോളിബോള്‍ താരം കൂടിയായ ഭഗവന്ത് മാന്റെ പ്രസംഗങ്ങള്‍ വൈറലാണ്.

2014 ലും 2019 ലും തുടര്‍ച്ചയായി പഞ്ചാബിലെ സംഗരൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ചുകയറിയ അദ്ദേഹം . ഹാസ്യം, പൊള്ളുന്ന രാഷ്ട്രീയ വിഷയങ്ങളുന്നയിക്കാന്‍ ആയുധമാക്കി. പ്രശസ്ത ടിവി താരം കൂടിയായ ഭഗവന്ത് മാന്റെ ജനകീയതയുടെ കാരണമറിയാന്‍ നര്‍മ്മമൊളിപ്പിച്ച പ്രസംഗങ്ങള്‍ തന്നെ ധാരാളമാണ്. അന്ന് ഹാസ്യ വേദിയില്‍ ജഡ്ജായിരുന്ന നവജോത്സിങ് സിദ്ധുവിനെ മുന്നിലിരുത്തി സദസ്സിനെ കയ്യിലെടുത്ത ഭഗവന്ത് മാന്‍, ഇന്ന് പഞ്ചാബിനെയാകെ തൂത്തുവാരുമ്പോള്‍ സിദ്ധുവടക്കം പരമ്പരാഗത രാഷ്ട്രീയക്കാരുടെ അടുത്ത നീക്കം എന്താകുമെന്നതാണ് ശ്രദ്ധേയം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker