NationalNews

81.5 കോടി ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് വിവരങ്ങൾ ചോർന്നു?ഞെട്ടിയ്ക്കുന്ന വിവരം പുറത്ത്‌

ന്യൂഡൽഹി ∙ 81.5 കോടി ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള വിവരങ്ങൾ ഡാർക് വെബിൽ വിൽപനയ്ക്കു വച്ചിരുന്നതായി യുഎസ് സൈബർ സുരക്ഷാ ഏജൻസിയായ റീസെക്യൂരിറ്റിയുടെ റിപ്പോർട്ട്. ‘pwn0001’ എന്ന പേരിലുള്ള ‘എക്സ്’ (പഴയ ട്വിറ്റർ) പ്രൊഫൈലിലൂടെ ഇക്കാര്യം പരസ്യപ്പെടുത്തിയിരുന്നുവെന്നാണു റിപ്പോർട്ട്.

പേര്, ആധാർ, പാസ്പോർട്ട് വിവരം, ഫോൺ നമ്പർ, വിലാസം, പ്രായം, ജെൻഡർ, രക്ഷിതാവിന്റെ പേര് എന്നിവയടക്കമുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് അവകാശവാദം. 80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു വിലയിട്ടിരുന്നത്.

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ ) ശേഖരിച്ച വിവരങ്ങളാണിവയെന്ന് സംശയിക്കപ്പെടുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്–ഇൻ) ഐസിഎംആറിനെ വിവരമറിയിച്ചതായും റിപ്പോർട്ടുണ്ട്.

2022 നവംബർ 30ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിനു (ഐസിഎംആർ) നേരെ വമ്പൻ സൈബർ ആക്രമണത്തിനു ശ്രമം നടന്നിരുന്നു. 24 മണിക്കൂറിനിടയിൽ ആറായിരത്തോളം ഹാക്കിങ് ശ്രമങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഹോങ്കോങ്ങിൽനിന്നു കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു ഐപി വിലാസം വഴിയാണ് ആക്രമണശ്രമമുണ്ടായതെന്നായിരുന്നു കണ്ടെത്തൽ. കോവിഡ് വാക്സീനെടുക്കാനായി കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ആർക്കുമെടുക്കാൻ പാകത്തിൽ ടെലിഗ്രാം ആപ്പിൽ ലഭ്യമായത് ഇക്കഴിഞ്ഞ ജൂണിലാണ്.

ഇന്റർനെറ്റിലെ അധോലോകം എന്നാണ് ഡാർക് വെബിനെ വിശേഷിപ്പിക്കുന്നത്. പ്രത്യേക സോഫ്റ്റ്‍വെയർ ഉപയോഗിച്ച് മാത്രമേ ഡാർക് വെബ് ഉപയോഗിക്കാനാവൂ. ഡാർക് വെബിലെ വിവരങ്ങൾ ഗൂഗിൾ പോലെയുള്ള സേർച് എൻജിനുകളിലും ലഭ്യമല്ല. അവിടത്തെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയാത്തതിനാൽ ലഹരിമരുന്ന് വ്യാപാരം, കള്ളനോട്ട്, ഡേറ്റ കച്ചവടം, ആയുധവ്യാപാരം അടക്കം നിയമവിരുദ്ധമായ പല കാര്യങ്ങളും നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker