24.2 C
Kottayam
Tuesday, November 5, 2024
test1
test1

കേരളത്തില്‍ ബി.ജെ.പി കള്ളപ്പണം ഒഴുക്കി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിച്ചില്ലെന്ന് എ വിജയരാഘവന്‍

Must read

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി കള്ളപ്പണം ഒഴുക്കിയത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ജന പ്രാതിനിത്യ നിയമവും കമ്മീഷന്റെ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് കള്ളപ്പണം ഒഴുക്കിയതെന്ന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കില്‍ കാസര്‍കോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വ്യക്തിയെ പിന്‍മാറ്റാനാണ് പണം കൊടുത്തത്. സ്ഥാനാര്‍ഥികളില്‍ അറിയപ്പെടുന്ന ചില മുന്‍ ബ്യൂറോക്രാറ്റുകളും മുന്‍ പൊലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു.

ഇവരില്‍ പലരും കൂടുതല്‍ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴല്‍പ്പണവിതരണ പരിപാടി ഇവര്‍ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളില്‍ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. വിജയരാഘവന്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണരൂപം;

ബിജെപി സംസ്ഥാന നേതാക്കള്‍ക്കൂടി ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കള്ളപ്പണക്കേസ് കേന്ദ്രഭരണകക്ഷിയുടെ കൊടിയ അഴിമതിയും ജീര്‍ണതയും ജനങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാകാന്‍ ഉപകരിച്ചിട്ടുണ്ട്. കൊടകര ദേശീയപാതയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴല്‍പ്പണം എത്തിച്ചത് ബിജെപിയാണെന്ന് ആദ്യം പറഞ്ഞത് സിപിഐ എം ആയിരുന്നു. കേരളത്തിലും പുറത്തുമുള്ള ബിജെപി ഉന്നത നേതാക്കളുടെ കാര്‍മികത്വത്തിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്ന് സിപിഐ എം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെന്ന് പറയാന്‍ ആദ്യം മടികാട്ടിയ മാധ്യമങ്ങള്‍ക്കും പിന്നീട് ഈ വിഷയത്തില്‍ ബിജെപിക്കുള്ള പങ്കിനെ മറച്ചുവയ്ക്കാനായില്ല. പൊലീസിന് ഇതിനകം ലഭിച്ച വിവരങ്ങള്‍ പ്രകാരം മൂന്നര കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. വിവിധ നിയോജകമണ്ഡലങ്ങളിലായി ശതകോടികളുടെ കള്ളപ്പണം ബിജെപി വിതരണം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വസ്തുതകള്‍ വൈകാതെ പുറത്തുവരും.

ഇതിനകം നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഈ പണം കേരളത്തിലെത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനാണെന്ന് വ്യക്തമായിട്ടുണ്ട്. പണം എങ്ങനെ വന്നു? അതിന്റെ ഉറവിടം ഏത്? കേരളത്തിലെയും കേന്ദ്രത്തിലെയും ഏതൊക്കെ ബിജെപി നേതാക്കള്‍ക്ക് ഇതുമായി ബന്ധമുണ്ട്? മുതലായ കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. തെരഞ്ഞെടുപ്പില്‍ ഒഴുക്കിയ കള്ളപ്പണത്തിന്റെ ഉത്തരവാദിത്തം കേരള നേതൃത്വത്തിന് മാത്രമാണെന്ന് ബിജെപിയെ അറിയുന്ന ആരും കരുതില്ല. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി ദേശീയതലത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്രഭരണത്തെ അവര്‍ എങ്ങനെയാണ് അഴിമതിക്ക് ഉപയോഗിക്കുന്നതെന്നും പരിശോധിച്ചാല്‍ കൊടകര കുഴല്‍പ്പണക്കേസ് ഇവിടെ ഒതുങ്ങുന്നതല്ലെന്ന് വ്യക്തമാകും. തീവ്രവര്‍ഗീയ കക്ഷിയാണെങ്കിലും കോണ്‍ഗ്രസിനോളം അഴിമതിയുള്ള പാര്‍ടിയല്ല ബിജെപിയെന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ നമുക്കിടയിലുണ്ട്. ബിജെപിയുടെ പ്രചാരണത്തില്‍ അത്തരക്കാരും പെട്ടുപോയിട്ടുണ്ടാകും.

‘അഴിമതിമുക്ത ഭാരതം’ സൃഷ്ടിക്കുമെന്ന വാഗ്ദാനം ഉയര്‍ത്തിയാണ് 2014-ല്‍ ബിജെപി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നേരിട്ടത്. അതിനൊരു പശ്ചാത്തലവുമുണ്ട്. രണ്ടാം യുപിഎ സര്‍ക്കാര്‍ (2009-2014) അഴിമതിയില്‍ മുങ്ങിനില്‍ക്കുകയായിരുന്നു. സ്പെക്ട്രം അഴിമതിയും കല്‍ക്കരിപ്പാടം വെട്ടിപ്പുമെല്ലാം ജനങ്ങള്‍ കോണ്‍ഗ്രസിനെ വെറുക്കാന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ‘അഴിമതിമുക്ത ഭാരതം’ എന്ന മുദ്രാവാക്യം ബിജെപി ഉയര്‍ത്തിയത്. സ്വാഭാവികമായും അതിന് സ്വീകാര്യത കിട്ടി. അതോടൊപ്പം ജനങ്ങളെ കബളിപ്പിക്കാന്‍ മറ്റൊരു പ്രഖ്യാപനവും നടത്തി. ബിജെപി അധികാരത്തില്‍ വന്നാല്‍, വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ച കള്ളപ്പണം നൂറുദിവസംകൊണ്ട് ഇവിടെയെത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം ഇട്ടുകൊടുക്കും. ഇതെല്ലാം വോട്ട് തട്ടാനുള്ള വേലകളാണെന്ന് പിന്നീട് മനസ്സിലായി. ഒന്നാം മോഡി സര്‍ക്കാര്‍ (2014-2019) കള്ളപ്പണം തടയാന്‍ ചെറുവിരലനക്കിയില്ല. രാജ്യത്ത് കള്ളപ്പണത്തിന്റെ സ്വാധീനം വര്‍ധിച്ചു. അഴിമതി പെരുകി. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം (2020) അഴിമതിയില്‍ ഏറ്റവും ഉയര്‍ന്ന നിരയിലാണ് ഇന്ത്യയുടെ സ്ഥാനം.

ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടര വര്‍ഷം പിന്നിട്ടപ്പോഴാണ് രാജ്യത്തെ മുച്ചൂടും മുടിച്ച നോട്ട് നിരോധനമുണ്ടായത്. 2016 നവംബറില്‍. പെട്ടെന്ന് ആയിരം രൂപയുടെയും 500 രൂപയുടെയും കറന്‍സി പിന്‍വലിച്ചു. ഇതിന് പറഞ്ഞ ന്യായമാണ് രസകരം. കള്ളപ്പണം നിയന്ത്രിക്കാനും കള്ളനോട്ട് ഇല്ലാതാക്കാനുമാണ് നോട്ട് നിരോധനമെന്ന്. കള്ളപ്പണത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്നത് കറന്‍സി ആയിട്ടല്ലെന്ന് സാമാന്യവിവരമുള്ളവര്‍ക്ക് അറിയാം. സാമ്പത്തികരംഗം തകര്‍ന്ന് തരിപ്പണമാകാന്‍ ഇടയാക്കിയ ഈ മണ്ടന്‍ തീരുമാനം, രാജ്യസ്നേഹപരമെന്ന് ബിജെപി പ്രചരിപ്പിച്ചു.

എന്നാല്‍ നിരോധിച്ച നോട്ടില്‍ 99.4 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. അഴിമതിക്കാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായും നോട്ട് നിരോധനം മാറി. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ആവശ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊടുക്കുന്നു. ഈ വഴിവിട്ട സഹായത്തിന് പ്രതിഫലം പണമായി സ്വീകരിക്കാനാണ് തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. ഇതനുസരിച്ച് കോര്‍പറേറ്റുകള്‍ക്ക് എത്രപണവും രാഷ്ട്രീയപാര്‍ടികള്‍ക്ക് സംഭാവന നല്‍കാം. എത്ര തുക കൊടുത്തുവെന്ന് ആരോടും വെളിപ്പെടുത്തേണ്ട. സംഭാവന നല്‍കിയവരുടെ വിവരവും പുറത്തറിയില്ല. മൂന്നുവര്‍ഷത്തെ ശരാശരി അറ്റാദായത്തിന്റെ 7.5 ശതമാനമേ പരമാവധി സംഭാവന നല്‍കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. ഇതെല്ലാം സാധ്യമാക്കുന്നതിന് ജനപ്രാതിനിധ്യനിയമവും ആദായനികുതി നിയമവും ഭേദഗതി ചെയ്തു. ഇലക്ടറല്‍ ബോണ്ട് വഴി കോര്‍പറേറ്റുകള്‍ നല്‍കുന്ന പണത്തിന്റെ 90 ശതമാനവും ബിജെപിയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്. തെരഞ്ഞെടുപ്പ് കമീഷനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പ് ബോണ്ടിനെ എതിര്‍ത്തിരുന്നു. അതൊന്നും മോഡി സര്‍ക്കാര്‍ വകവച്ചില്ല. ഇതാണ് ബിജെപിയുടെ തനിസ്വഭാവം. ഈ പാര്‍ടിയാണ് ‘അഴിമതിമുക്ത ഭാരതം’ പ്രഖ്യാപിച്ചത്.

മോഡി സര്‍ക്കാര്‍ നടത്തിയ വലിയ അഴിമതിയാണ് റഫേല്‍ ഇടപാട്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍നിന്ന് 126 യുദ്ധവിമാനം വാങ്ങാന്‍ ഫ്രാന്‍സ് സര്‍ക്കാരുമായി 2012ല്‍ യുപിഎ സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നു. അതു റദ്ദാക്കി ഉയര്‍ന്ന വിലയ്ക്ക് 36 ജറ്റ് വിമാനം വാങ്ങാന്‍ കരാറുണ്ടാക്കി. 36 വിമാനത്തിന് വില 60,000 കോടി രൂപ. യുപിഎ സര്‍ക്കാര്‍ ഉറപ്പിച്ച വിലയുടെ മൂന്നിരട്ടി. ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ പങ്കാളി പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സായിരുന്നു. ഈ രംഗത്ത് ദീര്‍ഘകാല പരിചയമുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനെ ഒഴിവാക്കി, 2016 ല്‍ മാത്രം രൂപീകരിച്ച അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് എന്ന കമ്പനിയെ മോഡി കൊണ്ടുവന്നു. ഇത്തരത്തിലുള്ള പല അഴിമതികളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും വികസന പദ്ധതികള്‍ സ്തംഭിപ്പിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി എങ്ങനെ ഉപയോഗിച്ചുവെന്ന് വിശദീകരിക്കേണ്ടതില്ല. കോണ്‍ഗ്രസ് അതിനൊക്കെ പൂര്‍ണ പിന്തുണ നല്‍കി. എന്നാല്‍, ബിജെപി നേതാക്കള്‍ ഉള്‍പ്പെടുന്ന ഒരു കേസും കേന്ദ്ര ഏജന്‍സി അന്വേഷിക്കില്ല. അന്വേഷിക്കുന്നുണ്ടെങ്കില്‍ കുറ്റവാളികളെ രക്ഷിക്കാനുള്ള പ്രഹസനം. കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ഭൂമി ഇടപാടിലും ഖനി ഇടപാടിലും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ശരിയായ അന്വേഷണത്തിന് സിബിഐയോ മറ്റു ഏജന്‍സികളോ തയ്യാറായില്ല. ബിജെപിയുടെ ധനസ്രോതസ്സാണ് കര്‍ണാടകത്തിലെ ബെല്ലാരി സഹോദരന്‍മാര്‍.

ഇവരുടെ 16,000 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. സിബിഐ അന്വേഷണം മുന്നോട്ടുപോയില്ല. ഇപ്പോള്‍ അസം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ സര്‍മ കോണ്‍ഗ്രസില്‍നിന്നാണ് ബിജെപിയിലെത്തിയത്. ജലവിതരണ ഇടപാടിലെ വന്‍തട്ടിപ്പ് സംബന്ധിച്ച അന്വേഷണം അതോടെ ഇല്ലാതായി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരെയാണ് വ്യാപം പരീക്ഷാ തട്ടിപ്പുകേസില്‍ പ്രധാന ആരോപണം. ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിച്ച നാല്‍പ്പതോളം പേര്‍ പല ഘട്ടങ്ങളിലായി കൊല്ലപ്പെട്ടു. ഒരു അന്വേഷണവുമില്ല. ഇതുപോലെ എത്രയോ കേസുകള്‍. കള്ളപ്പണക്കേസുകളും കുഴല്‍പ്പണ ഇടപാടുകളും അന്വേഷിക്കാനുള്ള കേന്ദ്ര ഏജന്‍സിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊടകര കള്ളപ്പണക്കേസ് ഇത്രയൊക്കെ കോലാഹലമുണ്ടാക്കിയിട്ടും ഇഡി അനങ്ങുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്രഏജന്‍സികള്‍ എങ്ങനെ നീങ്ങും എന്നുതന്നെയാണ് ജനങ്ങള്‍ നിരീക്ഷിക്കുന്നത്.

ജനപ്രാതിനിധ്യനിയമവും തെരഞ്ഞെടുപ്പ് ചട്ടങ്ങളും തെരഞ്ഞെടുപ്പ് കമീഷന്റെ മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിയാണ് ബിജെപി കേരളത്തില്‍ പണമൊഴുക്കിയത്. എന്നാല്‍, കമീഷന്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിച്ചത്. വയനാട്ടില്‍ ഒരാളെ സ്ഥാനാര്‍ഥിയാക്കാനാണ് പണം ഉപയോഗിച്ചതെങ്കില്‍ കാസര്‍കോട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച വ്യക്തിയെ പിന്‍മാറ്റാനാണ് പണം കൊടുത്തത്. ബിജെപി നേതാക്കള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെ എ, ബി, സി എന്ന് തരംതിരിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കള്ളപ്പണത്തിന്റെ തോത് നിര്‍ണയിക്കാനാണ് ഈ തരംതിരിവ്. അതെന്തെങ്കിലുമാകട്ടെ, അഴിമതിയിലൂടെ സമാഹരിക്കുന്ന പണമാണ് ഒഴുക്കുന്നതെന്നാണ് ഗൗരവമുള്ള കാര്യം. വിജയിക്കാനും എതിര്‍കക്ഷികളിലുള്ളവരെ ചാക്കിട്ടുപിടിക്കാനും സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാനുമാണ് കള്ളപ്പണം ഉപയോഗിക്കുന്നത്.

പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ ശതകോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഒരു അവസ്ഥയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് പണാധിപത്യത്തിനോട് മത്സരിച്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറാന്‍ കഴിയാത്ത സ്ഥിതിയും പൊതുവേ വന്നുചേരുന്നുണ്ട്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ അപ്രസക്തമാക്കുന്ന ഘടകങ്ങളാണ് ഇതെല്ലാം.

35 മണ്ഡലത്തില്‍ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രഖ്യാപിക്കുകയുണ്ടായി. കള്ളപ്പണ കരുത്തില്‍ നിന്നാണ് ആ ആത്മവിശ്വാസം പ്രകടിപ്പിക്കപ്പെട്ടത്. ബിജെപിയില്‍ ഇല്ലാത്ത നന്‍മ പ്രതീക്ഷിച്ച് ചിലര്‍ അവരുടെ സ്ഥാനാര്‍ഥികളായി. ഇത്തരത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ അറിയപ്പെടുന്ന ചില മുന്‍ ബ്യൂറോക്രാറ്റുകളും മുന്‍ പൊലീസ് മേധാവികളും ഇ ശ്രീധരനെപ്പോലുള്ള സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ പലരും കൂടുതല്‍ പണം ചെലവഴിച്ച എ ക്ലാസ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഈ കുഴല്‍പ്പണവിതരണ പരിപാടി ഇവര്‍ മത്സരിച്ച മണ്ഡലങ്ങളിലും സ്വാഭാവികമായും നടന്നിട്ടുണ്ട്. ഈ കള്ളപ്പണവിതരണത്തിലെ പങ്ക് മണ്ഡലങ്ങളില്‍ എങ്ങനെയാണ് ചെലവഴിച്ചതെന്നറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ട്. അവര്‍ അത് വ്യക്തമാക്കണം.

പണത്തിന്റെ കുത്തൊഴുക്കിനെയും അപവാദങ്ങളുടെ കൊടുങ്കാറ്റിനെയും അതിജീവിച്ചാണ് കേരളത്തില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തില്‍ വന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ഒരു ബിജെപിക്കാരനെയും അവര്‍ നിയമസഭയിലേക്ക് കയറ്റിയില്ല. ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വലിയ ഇടിവുണ്ടായി. വര്‍ഗീയത മാത്രമല്ല, അഴിമതിയും ബിജെപിയുടെ മുഖമുദ്രയാണെന്ന് ജനം കൂടുതല്‍ കൂടുതല്‍ തിരിച്ചറിയും. ജനങ്ങളുടെ ഉയര്‍ന്ന ജാഗ്രതയാണ് ഈ സാഹചര്യത്തില്‍ ആവശ്യം. ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാനും ദുര്‍ബലമാക്കാനും കേന്ദ്രഭരണകക്ഷി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിന്റെ മുമ്പില്‍ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷത്തുള്ള മുഴുവന്‍ പേരും അണിനിരക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Crime:കഴുത്തിലെ മുറിവുകള്‍ ഒരേപോലെ,വിനീതയ്ക്ക് മുമ്പ് മൂന്നുകൊലപാതകങ്ങള്‍, ഡോക്ടറുടെ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി. തമിഴ്നാട് തോവാളയിലുള്ള ഒരു കസ്റ്റംസ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.