26.1 C
Kottayam
Monday, April 29, 2024

മുൻ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥ് സിപിഎമ്മിലേക്ക്? എകെ ബാലനുമായി കൂടിക്കാഴ്ച്ച നടത്തി, നവകേരള സദസിലും പങ്കെടുത്തേക്കും

Must read

പാലക്കാട്: എ വി ഗോപിനാഥ് സിപിഎമ്മിലേക്കെന്ന് സൂചന.നവകേരള സദസ് പാലക്കാട് എത്തുമ്പോൾ അനുയായികൾക്കൊപ്പം സി പി എമ്മിൽ ചേരാനാണ് ഗോപിനാഥ് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ട്. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എ വി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

നവകേരള സദസിൽ പങ്കെടുക്കാൻ ഗോപിനാഥിനെ സി പി എം ക്ഷണിച്ചിരുന്നു. തുടർന്ന് താൻ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു ഗോപിനാഥ് പറഞ്ഞത്.

2021 ൽ ഗോപിനാഥ് കോൺഗ്രസിൽ നിന്നും രാജിവെച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നേതൃത്വവുമായി ഉണ്ടായ തർക്കങ്ങളായിരുന്നു രാജിയിൽ കലാശിച്ചത്. പാർട്ടിയിൽ നിന്നും കടുത്ത അവഗണന നേരിട്ടെന്ന് ആരോപിച്ചായിരുന്നു ഗോപിനാഥ് ആദ്യം നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

അന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്നും ഗോപിനാഥ് പ്രഖ്യാപിച്ചു. ഗോപിനാഥിനെ പോലെ സ്വാധീനമുള്ളൊരു നേതാവ് അത്തരമൊരു തീരുമാനം എടുത്താലുണ്ടാകുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ കോൺഗ്രസ് ഉടൻ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കെപിസിസി പ്രസിഡന്റും അന്നത്തെ വര്‍ക്കിങ് പ്രസിഡന്റും ആയിരുന്ന കെ സുധാകരന്‍ ആയിരുന്നു അന്ന് ഗോപിനാഥിനെ അനുനയിപ്പിച്ചത്.

എന്നാൽ നല്‍കപ്പെട്ട വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടതോടെ വീണ്ടും ഗോപിനാഥ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും എകെ ആന്റണിയും ഇടപെടുകയും പ്രശ്ന പരിഹാരം സാധ്യമാക്കുകയും ചെയ്തു. ഡിസിസി അധ്യക്ഷ സ്ഥാനമായിരുന്നു അദ്ദേഹത്തിനുള്ള വാഗ്ദാനം. എന്നാൽ ആ വാഗ്ദാനവും ലംഘിക്കപ്പെട്ടതോടെ ഗോപിനാഥ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചു.

പാർട്ടിയിൽ നിന്ന് രാജിവെച്ചെങ്കിലും സിപിഎമ്മിലേക്ക് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പല തവണ സി പി എം ഗോപിനാഥിനെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

എന്നാൽ നവകേരള സദസിനോടുള്ള അനുകൂല നിലപാടും എകെ ബാലനുമായുള്ള കൂടിക്കാഴ്ചയുമെല്ലാം സി പി എം പ്രവേശത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഗോപിനാഥിനെ പോലൊരു നേതാവ് സിപിഎമ്മിൽ ചേർന്നാൽ അത് കോൺഗ്രസിന് കനത്ത തിരിച്ചടിയാകുമെന്ന കാര്യത്തിൽ തർക്കമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week