✍🏼അജാസ് വടക്കേടം
കൊച്ചി : ബാംഗ്ലൂരിൽ നിന്ന് എറണാകുളം ജംഗ്ഷനിലെത്തിയ ശേഷം വഞ്ചിനാടിൽ ചെങ്ങന്നൂരിലേയ്ക്ക് യാത്രചെയ്തുകൊണ്ടിരുന്ന പത്തനംതിട്ട സ്വദേശിനിയായ ശ്രീമോൾടെ ബാഗ് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. നേഴ്സിങ് പൂർത്തിയാക്കിയ ജോലിതേടി ബാംഗ്ലൂരിൽ പോയതായിരുന്നു ശ്രീമോൾ.
യാത്രക്ഷീണം കൊണ്ട് മയങ്ങിയ സമയത്ത് സർട്ടിഫിക്കറ്റും ലാപ് ടോപ്പും മൊബൈൽ ഫോണും പേഴസും മറ്റു വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗ് കാണാതാവുകയായിരുന്നു. വഞ്ചിനാട് കോട്ടയമെത്തിയപ്പോളാണ് തന്റെ ബാഗ് മോഷ്ടിക്കപ്പെട്ട വിവരം ശ്രീമോൾ അറിയുന്നത്. ഉടനെ കോട്ടയം റെയിൽവേ പോലീസിൽ പരാതിപ്പെടുകയും റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസെഫിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
നഷ്ടപ്പെട്ട ബാഗിലെ മൊബൈൽ ഫോണിന്റെ സിഗ്നൽ പിന്തുടർന്ന പോലീസ് എനാത്ത് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അവിടെവെച്ച് മൊബൈൽ ഫോൺ പ്രതി ഉപേക്ഷിച്ചെങ്കിലും പോലീസ് മൊബൈൽ വീണ്ടെടുക്കയായിരുന്നു. മൊബൈൽ ഫോണിന്റെ സഞ്ചാരപഥവും സാഹചര്യത്തെളിവുകളും പ്രതിയായ ക്രിസ്തുദാസനിലേയ്ക്ക് നയിക്കുകയായിരുന്നു.
തിരുവനന്തപുരം ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്. ഐ ജിബിൻ എ ജെ, എ എസ് ഐ ഫിലിപ്പ് ജോൺ, ജോസ് എസ് വി, വിപിൻ ജി, കോട്ടയം ആർ പി എഫ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാർ എ എസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കടയ്ക്കാവൂർ അഞ്ചുതെങ്ങിൽ നിന്നും പ്രതിയെ പിടികൂടുകയിരുന്നു. കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം മജിസ്‌ട്രെറ്റിന്റെ മുന്നിൽ ഹാജരാക്കി. പ്രതിയെ പിന്തുടന്ന് പിടികൂടിയ ആർ പി എഫ് ഉദ്യോഗസ്ഥരെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫ് അഭിനന്ദിച്ചു.