കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജ്വല്ലറിയില്‍ കസ്റ്റംസ് പരിശോധന നടത്തി. അരക്കിണര്‍ ഹെസ ജ്വല്ലറിയിലായിരുന്നു പരിശോധന. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു.
എന്നാല്‍ ഇതിന് തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്നുള്ള കാര്യത്തില്‍ കസ്റ്റംസ് അധികൃതര്‍ വ്യക്തത നല്‍കിയിട്ടില്ല. രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. റെയ്ഡ് നടത്തുന്നത് കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് കണ്ടുകെട്ടുമെന്നാണ് വിവരം.
നേരത്തെ തന്നെ കോഴിക്കോട് കൊടുവള്ളി അടക്കമുള്ള പ്രദേശങ്ങളില്‍ സ്വര്‍ണക്കടത്ത് ബന്ധമുള്ളവരുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും ഉദ്യോഗസ്ഥ സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തിയ ശേഷമാണ് പിടിച്ചെടുത്തത്. ഇടനിലക്കാര്‍ സ്വര്‍ണം ജ്വല്ലറിയിലെത്തിച്ചെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.