കൊച്ചി : സംസ്ഥാനത്ത് പത്താം ക്ലാസ് വരെയുള്ള സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അദ്ധ്യാപക സംഘടനകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
നിലവിൽ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ ഇനി മുതൽ അത് പാടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രവൃത്തി ദിവസങ്ങളുടെ കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ദ്ധരും അദ്ധ്യാപക സംഘടനകൾ അടക്കമുള്ളവരുമായി ആലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ആറുദിവസ ക്സാസിലേക്ക് കുട്ടികളെ ഉന്തിത്തള്ളി വിടുന്നതിന് മുമ്പ് അവരുടെ മാനസികാരോഗ്യവും പരിശോധിക്കണം എന്ന് കോടതി നിർദ്ദേശിച്ചു.
43 ശനിയാഴ്ചകൾ ഉള്ളതിൽ 10 രണ്ടാം ശനിയാഴ്ചകൾ ഒഴിവാക്കിയാൽ ബാക്കിയുള്ള 33 ശനിയാഴ്ചകളിൽ 25 എണ്ണമാണ് പ്രവൃത്തി ദിവസങ്ങളാക്കിയത്. എന്നാൽ ഇത് അദ്ധ്യാപകരോടോ അവരുടെ സംഘടനകളോടോ വിദ്യാഭ്യാസ സ്ഥാപനങ്ങളോടോ വിദ്യാർത്ഥികളോടോ ചർച്ച നടത്താതെയാണ് നടപ്പാക്കിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അദ്ധ്യാപക സംഘടനകൾ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾക്കു പുറമെ സി.പി.ഐയുടെ അദ്ധ്യാപക സംഘടനയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.