FeaturedHome-bannerKeralaNews

‘വയനാട്ടിലെ കണക്കിൽ വ്യാജ വാർത്ത, പിന്നിൽ അജണ്ട’ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേവലമൊരു വ്യാജ വാര്‍ത്താ പ്രചാരണമോ മാധ്യമ ധാര്‍മികതയുടെ പ്രശ്‌നമോ അല്ല. വ്യാജ വാര്‍ത്തകളുടെ വലിയ പ്രശ്‌നം നുണകളല്ല. അതിന് പിന്നിലുള്ള അജണ്ടയാണ്. അത് നാടിനും നാട്ടിലെ ജനങ്ങള്‍ക്കും എതിരായുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം വ്യാജ വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ പ്രധാന നേതാക്കളും രംഗത്തിറങ്ങി. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ ആക്ഷേപം വന്നു. എല്ലാ സീമകളും കടന്ന് കേരളത്തിനെതിരെ ദുഷ്പ്രചരണം കുതിച്ചുപാഞ്ഞു. അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക. ഇത് അക്ഷാര്‍ഥത്തില്‍ ശരിയാകുന്നതാണ് ഇവിടെ കാണാനാകുന്നത്. ആദ്യം പിറന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ ഇഴയാനെ സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ടിറക്കിയ വിശദീകണ കുറിപ്പിനായുള്ളൂ. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനര്‍ഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വ്യാജ കഥ വലിയൊരു വിഭാഗത്തിൻ്റെയും ജനമനസ്സിലേക്ക് ഇരച്ചുകയറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുക എന്നൊരു ദുഷ്ടലക്ഷ്യം ഇതിന്റെ ഭാഗമായുണ്ട്. ഇതൊരു സാധാരണ മാധ്യമ പ്രവര്‍ത്തനമല്ല. നശീകരണ മാധ്യമ പ്രവര്‍ത്തനമാണ്. അത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ആ തിരിച്ചറിവ് ബന്ധപ്പെട്ടവര്‍ക്ക് വേണം.

ദുരന്ത നിവാരാണത്തിന് അടിയന്തര ധനസഹായം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമര്‍പ്പിച്ചു. അതിലെ കണക്കുകള്‍ ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്. അതിലെ വസ്തുതകള്‍ സ്വയം മനസ്സിലാക്കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ടവരോട് ചോദിച്ച് മനസ്സിലാക്കുകയല്ലേ വേണ്ടത്. കേന്ദ്ര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറണ്ടമാണ് തയ്യാറാക്കിയത്. അത് ധൂര്‍ത്തും അഴിമതിയുമായി ചിത്രീകരിച്ചു. വിവിധ സര്‍ക്കാരുകള്‍ ദുരന്ത ഘട്ടങ്ങളില്‍ തയ്യാറാക്കി അയച്ച മെമ്മോറാണ്ടങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2012 മുതല്‍ 2016 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് സമര്‍പ്പിച്ച ഈ മെമ്മോറാണ്ടങ്ങള്‍ ധൂര്‍ത്തായോ പെരുപ്പിച്ച കണക്കായോ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം വാങ്ങിയെടുക്കണമെന്നാണ് അന്നത്തെ പ്രതിപക്ഷം നിലപാടെടുത്തത്. ദുരന്ത ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കവെ തയ്യാറാക്കുന്ന മെമ്മോറാണ്ടത്തില്‍ പലസാധ്യതകളും വിലയിരുത്തണം. മെമ്മറാണ്ടം തയ്യാറാക്കിയത് പരിശീലനം കിട്ടിയ പ്രൊഫഷണലുകള്‍ ആണ് അല്ലാതെ സര്‍ക്കാര്‍ അല്ല. വയനാട്ടിലെ ദുരന്ത പ്രദേശം പുനര്‍നിര്‍മിക്കാന്‍ 2200 കൊടിയെങ്കിലും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018-ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 102 കോടി രൂപയുടെ ബില്‍ വ്യോമസേന കേരളത്തിനയച്ചത് 2019 ഫെബ്രുവരിയിലാണ്. അത് എസ്ഡിആര്‍എഫില്‍ നിന്ന് കൊടുക്കാന്‍ സംസ്ഥാനം ബാധ്യസ്ഥമാണ്. 2018-ല്‍ നല്‍കിയ അരിയുടെ വില 205 കോടി ഈടാക്കാന്‍ കത്ത് നല്‍കിയതും 2019-ലാണ്. മേപ്പാടിയിലെ ദുരന്തത്തില്‍ കേന്ദ്ര സേനയ്ക്കുണ്ടായ ചെലവുകള്‍ ബില്ലുകളായി പിന്നീടാണ് വരിക. ഇതെല്ലാം മുന്‍കൂട്ടി കണ്ടാണ് മെമ്മോറാണ്ട തയ്യാറാക്കുന്നത്. അത് മനകണക്ക് വെച്ചുണ്ടാക്കിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പ്രളയഘട്ടത്തില്‍ കോണ്‍ഗ്രസ് അനുകൂലികളായ സര്‍ക്കാര്‍ ജീവക്കാരുടെ സംഘടനകള്‍ സാലറി ചാലഞ്ചിനെതിരെ രംഗത്തെത്തി. ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷമായി അന്നവര്‍ അധംപതിക്കുന്നതാണ് കണ്ടത്. സാലറി ചാലഞ്ചിനോട് മുഖംതിരിക്കുക മാത്രമല്ല ക്യാമ്പയിന്‍ മുടക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്തു. കോവിഡ് കാലത്ത് ആറ് ദിവസത്തെ ശമ്പളം കടം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിക്കുകയാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ചെയ്തത്.

ഇപ്പോള്‍ പെരുപ്പിച്ച കണക്കുകള്‍ എന്ന് വയനാടിനെ കുറിച്ചുള്ള പ്രചാരണത്തിലും ഇതേ കൂട്ടരുണ്ട്. കേന്ദ്രം ഇതുവരെ പ്രത്യേക സഹായംമൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ സംസ്ഥാനം നല്‍കിയ മെമ്മോറാണ്ടത്തിലെ കണക്കുകള്‍ ഉയര്‍ത്തി നുണ കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം പരിഗണിക്കുമെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. തങ്ങളുടെ ടീം അവിടെയുണ്ട്. അവര്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ആ പ്രതീക്ഷയിലാണ് ഉള്ളത്. എന്നാല്‍ അത് വൈകുന്നുവെന്നാണ് താന്‍ പറഞ്ഞത്. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ നിഷേധാത്മക മറുപടിയല്ല ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker