കാസർകോട്: കൂടോത്രത്തിനെതിരേ രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ മകൻ അമൽ ഉണ്ണിത്താൻ രംഗത്ത്. സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിലും കൂടോത്രം പോലെയുള്ള പിന്തിരിപ്പൻ രീതികളില്‍ വിശ്വസിക്കുന്ന വ്യക്തികൾ ഇപ്പോഴും ഉണ്ട്. ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുകാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു- അമൽ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റങ്ങളും നമ്മുടെ ലോകം കൈവരിച്ച പുരോഗമനപരമായ മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, മാന്ത്രികതയിലും, കൂടോത്രത്തിലും മറ്റ് പിന്തിരിപ്പൻ രീതികളിലും വിശ്വസിക്കുന്ന വ്യക്തികൾ ഇപ്പോഴും ഉണ്ട്.
ഇത്തരം വിശ്വാസങ്ങൾ നിലനിൽക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. ഈ വീക്ഷണങ്ങൾ ആരുടേതായാലും, അവ കാലഹരണപ്പെട്ടതും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്നതുമാണ്.
ഈ സമ്പ്രദായങ്ങളിൽ ഏർപ്പെടുന്ന ആളുകൾ തട്ടിപ്പുക്കാരല്ലാതെ മറ്റൊന്നുമല്ല, സ്വന്തം നേട്ടത്തിനായി അജ്ഞതയെയും ഭയത്തെയും ഇരയാക്കുന്നു. ബ്ലാക്ക് മാജിക് ചെയ്യുന്നുവെന്ന് അവകാശപ്പെടുന്നവരെ എനിക്കെതിരെ പരീക്ഷിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു.
ഞാൻ ഒരു അന്ധവിശ്വാസി അല്ലാത്തതിനാൽ അത് തീർച്ചയായും ഏൽക്കില്ല. ഇത്തരം കാര്യങ്ങൾ അവയിൽ വിശ്വസിക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ, കാരണം അവ സ്വന്തം മനസ്സിൽ ഫലങ്ങൾ സൃഷ്ടിക്കുന്നു. അതൊരു മാനസിക രോഗമാണ്.