കൊല്ലം: പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയെ (41) ആത്മഹത്യയിലേക്കു നയിച്ച ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കൊല്ലം ബാർ അസോസിയേഷൻ രംഗത്ത്. അനീഷ്യയുടെ മരണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി ബുധനാഴ്ച ജില്ലയിലെ കോടതി നടപടികള്‍ ബഹിഷ്കരിക്കാനും അഭിഭാഷകർ തീരുമാനിച്ചു.
സഹപ്രവര്‍ത്തകരുടെ മാനസികപീഡനവും ഭീഷണിയും അനീഷ്യയെ സമ്മര്‍ദത്തിലാക്കിയിരുന്നതായി ആരോപണമുണ്ട്. ചില മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാനസികമായി പീഡിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തതായി വ്യക്തമാക്കുന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത്തരത്തിലുള്ള അഞ്ച് ശബ്ദസന്ദേശങ്ങളാണു പുറത്തായത്.
അനീഷ്യയോടൊപ്പം ജോലി ചെയ്യുന്ന മറ്റൊരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റൊരു അഭിഭാഷകൻ വിവരാവകാശനിയമപ്രകാരം ചോദിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ച് സുപ്രധാന ചുമതല വഹിക്കുന്ന ഒരു അഭിഭാഷകൻ അനീഷ്യയെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ‘ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത്, കാസർകോടിനു സ്ഥലം മാറ്റും’ എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആക്ഷേപം.
ഇക്കാര്യം ഉൾപ്പെടെ താൻ നേരിട്ട മോശം അനുഭവങ്ങളെല്ലാം വിശദമായി എഴുതിയ അനീഷ്യയുടെ ഡയറി പൊലീസിനു ലഭിച്ചു. ഈ ഡയറിയിൽ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന് എതിരെയും പരാമർശമുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നാണ് ആരോപണം. സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാവിലെ 11.30 ഓടെ കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടുകാരാണ് അനീഷ്യയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത് കുമാറാണ് ഭർത്താവ്. സത്യദേവനും പ്രസന്നകുമാരിയുമാണ് മാതാപിതാക്കൾ. മകൾ: ഇഷാനി.