CrimeKeralaNews

‘പ്രതികൾ സഞ്ചരിച്ചത് എണ്ണായിരം കിലോമീറ്റർ, മൊബൈൽ ഫോൺ ഉപയോഗിച്ചില്ല’നൗഫലിനെയും കുടുംബത്തെയും പോലീസ് പിടികൂടിയതിങ്ങനെ

തിരുവനന്തപുരം: ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ പിടികൂടിയതിൽ പ്രതികരണവുമായി എസിപി എച്ച് ഷാജി രം​ഗത്ത്. പ്രതികളെ പിടികൂടാനായി പ്രതികളുടെ പുറകെ പൊലീസ് സഞ്ചരിച്ചത് എണ്ണായിരം കിലോ മീറ്ററോളമാണെന്ന് എസിപി മാധ്യമങ്ങളോട് പറഞ്ഞു. ഒളിവിൽ താമസിക്കുന്നതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്.

നിലവിൽ ഇവർക്കെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന കുറ്റം, സംഘടിത കുറ്റകൃത്യത്തിനുമാണ് കേസ് ചുമത്തിയിരിക്കുന്നത്. സ്ത്രീധന പീഡന വകുപ്പ് ചുമത്തണം എന്ന കുടുംബത്തിന്റെ ആവശ്യവും പരിശോധിക്കുന്നുണ്ടെന്ന് എസിപി പറഞ്ഞു. 

രണ്ട് ടീമായാണ് അന്വേഷണം നടത്തിയത്. പൊലീസിന് പിടി തരാതിരിക്കാൻ ഉള്ള ശ്രമങ്ങൾ പ്രതികൾ നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല, ബാങ്ക് ഇടപാടുകളും നടത്തിയിരുന്നില്ല. മധുര, കോമ്പത്തൂർ, ബംഗളൂരു എന്നിടങ്ങളിലാണ് പ്രതികൾ ഒളിവിൽ താമസിച്ചതെന്നും എസിപി പറഞ്ഞു. പ്രതികളെ സ്റ്റേഷനിലെത്തിച്ചപ്പോൾ ഇവർക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധമുണ്ടായി.

തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ മൂന്നു പേർ പിടിയിൽ. ഭർത്താവ് നൗഫൽ, ഭർത്താവിൻ്റെ അച്ഛൻ സജിം, ഭർതൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികൾ ഒരു മാസമായി ഒളിവിലായിരുന്നു. ഇവർക്ക് പൊലീസ് സംരക്ഷണം നൽകിയെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. 

ഷഹാനയെ ആശുപത്രിയിൽ വെച്ച് വരെ ഭർതൃമാതാവ് മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്‍റെ പരാതിയിൽ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2020ലായിരുന്നു നൗഫൽ-ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കൾ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കൾ പറയുന്നു.

പരിഹാസം പിന്നെ പീഡനമായി മാറി. നൗഫൽ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്‍റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയിൽ വെച്ച് നൗഫലിന്റെ ഉമ്മ മർദിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

വീട്ടിലെത്തിയ നൗഫൽ വീട്ടിൽ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാള്‍ ചടങ്ങിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഷഹാന കൂട്ടാക്കിയില്ല. തുടർന്ന് ഒന്നര വയസുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫൽ അര മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ ഷഹാനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച ഷഹാന ആത്മഹത്യ ചെയ്തത്. പോത്തൻകോട് പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ് ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker