ആദ്യദിനം ഗംഭീരം! ഗുരുവായൂരമ്പല നടയില്‍ ആഗോള കളക്ഷന്‍ പുറത്ത്

കൊച്ചി: പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച കോമഡി ടൈമിങ്ങുമായി പൃഥ്വി തന്നെയാണ് സിനിമയിൽ ഏറ്റവുമധികം കയ്യടി വാങ്ങുന്നത്. ആ കയ്യടികൾ സിനിമയുടെ കളക്ഷനിലും പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സിനിമയുടെ ആദ്യദിന കളക്ഷൻ റിപ്പോർട്ട്.

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തിൽ ആഗോളതലത്തിൽ എട്ട് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമായി 55 ലക്ഷവും ഓവർസീസിൽ നിന്നും 3.65 കോടിയുമാണ് സിനിമയുടെ കളക്ഷൻ എന്നും അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, ബൈജു, യോഗി ബാബു, ഇർഷാദ്, പി വി കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News