പ്രണയങ്ങൾ തകരുന്നതും കമിതാക്കൾ പിരിയുന്നതുമെല്ലാം സാധാരണയാണ്. പല കാരണങ്ങൾ കൊണ്ടും പല സാഹചര്യങ്ങൾ കൊണ്ടും പ്രണയങ്ങളിൽ വിള്ളൽവീഴാം. ഇതിൽ ചിലരൊക്കെ കാമുകിയോടോ കാമുകനോടോ ഇതിന്റെ പേരിൽ പ്രതികാരം ചെയ്യാനും ആഗ്രഹിക്കും. പലപ്പോഴും അത് കുറ്റകൃത്യങ്ങളിൽ കലാശിക്കുന്നതും നാം കണ്ടതാണ്. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്ന ഒരു ‘പ്രതികാരമാണ്’ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അഞ്ച് വർഷമായി താൻ എങ്ങനെയാണ് മുൻകാമുകനോട് പ്രതികാരം തീർക്കുന്നതെന്ന യുവതിയുടെ വെളിപ്പെടുത്തലാണിത്.
ക്രിസ്റ്റീന എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ഈ ‘ജീനിയസ്’ പ്രതികാരം ടിക്ടോകിൽ വലിയ ചർച്ചയായതോടെ മറ്റു സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. 2016-ൽ കാമുകനുമായി പിരിഞ്ഞ ശേഷം അവനോട് എങ്ങനെയാണ് തന്റെ വൈരാഗ്യം തീർക്കുന്നതെന്നാണ് ക്രിസ്റ്റീന വീഡിയോയിൽ പറയുന്നത്. മുൻകാമുകന്റെ ഇ-മെയിൽ ഉപയോഗിച്ചാണ് തന്റെ പ്രതികാരമെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഇതു കാരണം നിരവധി ന്യൂസ് ലെറ്ററുകളും സന്ദേശങ്ങളുമാണ് അവന് ലഭിക്കുന്നതെന്നും ഇന്നേവരെ ഇതേക്കുറിച്ച് മുൻകാമുകന് യാതൊരു പിടിയുമില്ലെന്നും യുവതി പറയുന്നു. ക്രിസ്റ്റീനയുടെ വാക്കുകൾ ഇങ്ങനെ:-
”2016-ൽ മുൻ കാമുകനുമായി പിരിഞ്ഞതു മുതൽ വളരെ രസകരായ തന്ത്രങ്ങളാണ് ഞാൻ പ്രതികാരം ചെയ്യാൻ ഉപയോഗിക്കുന്നത്. എന്റെ പ്രതികാരം ഇ-മെയിൽ ന്യൂസ് ലെറ്ററുകളായി അവന് ലഭിക്കും. ഞാൻ വിമാനത്താവളത്തിലാണെങ്കിൽ അവിടെ വൈഫൈ ഉപയോഗിക്കാൻ ഇ-മെയിൽ ആവശ്യമാണെങ്കിൽ ഞാൻ അവന്റെ ഇ-മെയിൽ നൽകും. എനിക്ക് ഏതെങ്കിലും ലേഖനം വായിക്കണമെങ്കിൽ അവന്റെ ഇ-മെയിൽ അയക്കും. വിവിധ സബ്സ്ക്രിപ്ഷനുകളും വിവിധ കമ്പനികളുടെ ന്യൂസ് ലെറ്ററുകളും അവന്റെ ഇ-മെയിലിലൂടെ സൈൻഅപ്പ് ചെയ്തിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിക്കുന്നുവെന്ന് ഇതുവരെയും അവന് ഒരു സൂചനയുമില്ല. ഇങ്ങനെ ചെയ്യുന്നത് ഞാൻ ഒരിക്കലും അവസാനിപ്പിക്കുകയുമില്ല”.
എന്തായാലും ക്രിസ്റ്റീനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നിരവധി പേർ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു ആശയം നൽകിയതിന് ചിലർ നന്ദി അറിയിച്ചപ്പോൾ ഇവർ സൈക്കോ ആണെന്നായിരുന്നു ചിലരുടെ പ്രതികരണം.