ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്ന മലയാളി യുവതികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലില്‍ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവര്‍.
2016-18 കാലയളവില്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗര്‍ഹറിലേക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം എത്തിയവരാണ് ഇവര്‍ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ ഇവരുടെ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് യുവതികള്‍ അഫ്ഗാന്‍ പോലീസിന് കീഴടങ്ങുന്നത്. തുടര്‍ന്ന് ഇവരെ കാബൂളിലെ ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു.
കുട്ടികള്‍ക്കൊപ്പം അഫ്ഗാന്‍ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. ലോകത്തെ 13 രാജ്യങ്ങളില്‍ നിന്നായി 408 പേരാണ് അഫ്ഗാനില്‍ ഐ.എസില്‍ ഭീകരരായി ജയിലിലുള്ളത്. ഏഴുപേര്‍ ഇന്ത്യക്കാരും 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളുമാണ്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവര്‍ക്കൊപ്പമുണ്ട്.