തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭയിൽ പുതുതായി വരുന്ന ഘടകകക്ഷികൾക്ക് സി.പി.എമ്മിന്റെ അക്കൗണ്ടിൽനിന്ന് വകുപ്പുകൾ കണ്ടെത്തും. സി.പി.ഐ. വകുപ്പുകളിൽ വലിയ മാറ്റമുണ്ടാകില്ല. വകുപ്പുകൾ തീരുമാനിക്കാൻ ഇടതുമുന്നണി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടന്നപ്പള്ളി രാമചന്ദ്രന് ആദ്യ ടേമിൽ മന്ത്രിസ്ഥാനമില്ലാത്തതിനാൽ തുറമുഖം, മ്യൂസിയം വകുപ്പുകൾ പൊതുപൂളിൽ വരും. കേരള കോൺഗ്രസിന് പൊതുമരാമത്തിനായിരിക്കും സാധ്യത. രജിസ്ട്രേഷൻ വകുപ്പും ലഭിച്ചേക്കും.
സി.പി.ഐ.യിൽനിന്ന് കൃഷി ഏറ്റെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അവർ തയ്യാറായിട്ടില്ല. റവന്യൂ, സിവിൽസപ്ലൈസ്, കൃഷി വകുപ്പുകൾ തുടർന്നും സി.പി.ഐ.ക്കായിരിക്കുമെന്നാണു സൂചന. വനം വിട്ടുനൽകുമെങ്കിൽ ചെറിയ മറ്റേതെങ്കിലും വകുപ്പ് പകരം ലഭിക്കും.
ജനതാദൾ എസിന് ജലസേചനം തന്നെ ലഭിച്ചേക്കും. ഗതാഗതം സി.പി.എം. ഏറ്റെടുത്ത് എൻ.സി.പി. വകുപ്പിൽ മാറ്റത്തിനു സാധ്യതയുണ്ട്. തീരദേശ മേഖലയുടെകൂടി പ്രതിനിധിയെന്ന നിലയിൽ ആന്റണി രാജുവിന് ഫിഷറീസ് വകുപ്പിനു സാധ്യതയുണ്ട്.
21 അംഗങ്ങളെ ഉൾപ്പെടുത്തി രണ്ടാം പിണറായി സർക്കാരിന്റെ ഘടനയ്ക്ക് ഇടതുമുന്നണിയോഗം രൂപംനൽകി. ഐ.എൻ.എല്ലിലെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരളകോൺഗ്രസിലെ ആന്റണി രാജുവും ആദ്യ രണ്ടരവർഷം മന്ത്രിമാരാകും. രണ്ടാം ഊഴം കേരള കോൺഗ്രസ് ബിക്കും കോൺഗ്രസ് എസിനും ലഭിക്കും. എൽ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്ക് പ്രാതിനിധ്യമുണ്ട്.
സി.പി.എം.- 12, സ്പീക്കർ, സി.പി.ഐ.- 4, ഡെപ്യൂട്ടി സ്പീക്കർ, കേരള കോൺഗ്രസ് (എം)- 1, ചീഫ് വിപ്പ്, ജെ.ഡി.എസ്.- 1, എൻ.സി.പി.- 1, ജെ.കെ.സി.- 1 (ആദ്യ രണ്ടരവർഷം), ഐ.എൻ.എൽ-1 (ആദ്യ രണ്ടരവർഷം), കോൺഗ്രസ് (എസ്)- 1 (രണ്ടാമത്തെ രണ്ടരവർഷം), കേരളകോൺഗ്രസ്(ബി)- 1 (രണ്ടാമത്തെ രണ്ടരവർഷം).
എൽ.ജെ.ഡി., ജനതാദൾ (എസ്) പാർട്ടികൾ ലയിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം പങ്കിടണമെന്നു നിർദേശം. മുന്നണിതീരുമാനം വിശദീകരിക്കുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൺവീനർ എ. വിജയരാഘവൻ തയ്യാറായില്ല. മന്ത്രിസ്ഥാനം ജെ.ഡി.എസിനാണ് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ.യിൽനിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ. രാജൻ എന്നിവർ ഏതാണ്ട് മന്ത്രിസ്ഥാനമുറപ്പിച്ചു. ഇ. ചന്ദ്രശേഖരനെ ഒഴിവാക്കിയാൽ ഇ.കെ. വിജയനാണു സാധ്യത. ചിറ്റയം ഗോപകുമാറായിരിക്കും ഡെപ്യൂട്ടി സ്പീക്കർ.
ജനതാദൾ എസിൽനിന്ന് കെ. കൃഷ്ണൻകുട്ടിയായിരിക്കും മന്ത്രി. ദേശീയാധ്യക്ഷൻ ദേവഗൗഡ തീരുമാനം പാർട്ടിനേതൃത്വത്തെ അറിയിച്ചു. മാത്യു ടി. തോമസിനൊപ്പം കഴിഞ്ഞതവണത്തെപ്പോലെ കാലാവധി വിഭജിക്കുന്നതിനെപ്പറ്റി ധാരണയുള്ളതായി സൂചനയില്ല.
എൻ.സി.പി.യിൽനിന്ന് എ.കെ. ശശീന്ദ്രനായിരിക്കും മന്ത്രി. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ചൊവ്വാഴ്ച തീരുമാനം പ്രഖ്യാപിക്കും.
ചൊവ്വാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്-സമിതി യോഗങ്ങൾ മന്ത്രിമാരെ തീരുമാനിക്കും. വീണാ ജോർജ് സ്പീക്കറാകാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരെയും സ്പീക്കറെയുമാണ് സി.പി.എം. നിശ്ചയിക്കേണ്ടത്. പിണറായി വിജയൻ, കെ.കെ. ശൈലജ എന്നിവരെ കൂടാതെ എം.വി. ഗോവിന്ദൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, കെ. രാധാകൃഷ്ണൻ എന്നിവർ മന്ത്രിയാകും. വി. ശിവൻകുട്ടി, വി.എൻ. വാസവൻ, എം.ബി. രാജേഷ്, വി. അബ്ദുറഹ്മാൻ, പി.പി. ചിത്തരഞ്ജൻ, പി.എ. മുഹമ്മദ് റിയാസ്, പ്രൊഫ. ആർ. ബിന്ദു എന്നിവർ സാധ്യതാപട്ടികയിലുണ്ട്.