26.7 C
Kottayam
Tuesday, April 30, 2024

കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു;കേന്ദ്രത്തോട് അടിയന്തരമായി 50 ലക്ഷം വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം

Must read

തിരുവനന്തപുരം: കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് ഇനിയുള്ളത്.

മാസ് വാക്സിനേഷൻ ക്യാംപയിൻ പൂർത്തിയാക്കണമെങ്കിൽ അടിയന്തരമായി 50 ലക്ഷം ഡോസ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഷീൽഡും കോവാക്സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തിൽ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

നിലവിൽ കേരളത്തിൽ ഓക്സിജൻ വിതരണത്തിൽ കുറവില്ല. എന്നാലും കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ ഓക്സിജൻ ക്ഷാമമുണ്ടായേക്കാം. അതിനാൽ ഓക്ജ്സിൻ വിതരണത്തിൽ കേരളത്തെക്കൂടി പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ മരണനിരക്ക് ഉയർന്നിട്ടില്ല. 0.4 ശതമാനമാണ് മരണനിരക്ക്. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥിതി ഇതല്ലെന്നാണ് ഇന്നത്തെ യോഗത്തിൽ നിന്ന് മനസ്സിലായതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ മാർച്ച് അവസാനം കോവിഡ് കേസുകൾ കുറഞ്ഞിരുന്നെങ്കിലും നിലവിൽ കേസുകൾ പ്രതിദിനം കൂടുകയാണ്. 11.89 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 58245 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. രണ്ടാം തരംഗത്തെ ഇല്ലാതാക്കാനാണ് ക്രഷിങ് ദി കർവ് എന്ന പേരിൽകർമപദ്ധതി മുന്നോട്ടുവെച്ചത്. പരിശോധന കൂട്ടിയിട്ടുണ്ട്. ഇന്നലേയും ഇന്നുമായി രണ്ടര ലക്ഷം പരിശോധന നടത്തും. കണക്കുകൾ ഉടൻ പുറത്തുവിടും. ഇതുവരെ സംസ്ഥാനത്ത് 1.39 കോടി ടെസ്റ്റുകൾ നടത്തി. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ പരിശോധനാ നിരക്ക്.

സിറോ സർവെയിലൻസ് സർവേ പ്രകാരം കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11 ശതമാനം പേർക്ക് മാത്രമാണ്. അതായത് 89 ശതമാനം പേർക്കും ഇനി രോഗം വരാൻ സാധ്യതയുണ്ട്. കേരളത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം തടയാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week