നേപ്പാളില്‍ മലയാളികളുടെ ജീവനെടുത്തത് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന നിശബ്ദ കൊലയാളി
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായി പോയ എട്ട് മലയാളി വിനോദ സഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ പിന്‍വാങ്ങിയിട്ടില്ല. ദമനിലെ ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം ചെങ്കേട്ടുകോണം രോഹിണിപ്പാടത്ത് സ്വദേശികളായ പ്രവീണ്‍ കുമാര്‍(39) ഭാര്യ ശരണ്യ(34) മക്കള്‍ അഭിനവ് സൂര്യ(9) ശ്രീഭദ്ര(9) അഭി നായര്‍(7) , കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത് കുമാര്‍(39) ഭാര്യ ഇന്ദു രഞ്ജിത്ത്(34) വൈഷ്ണവ് രഞ്ജിത്ത്(2) എന്നിവരണ് മരിച്ചത്. പ്രവീണ്‍ ദുബായില്‍ എന്‍ജിനീയറാണ്. ഭാര്യ ശരണ്യ എറണാകുളം അമൃത ഹോസ്പിറ്റലില്‍ വിദ്യാര്‍ത്ഥിയാണ്. പ്രവീണിന്റെ സുഹൃത്താണ് രഞ്ജിത്തും കുടുംബവും.
കാഠ്മണ്ഡുവിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഒന്‍പതരയ്ക്കാണ് എല്ലാവരും റിസോര്‍ട്ടില്‍ എത്തുന്നത്. നാലു മുറികളിലായി താമസിച്ച സംഘം തണുപ്പകറ്റാന്‍ ഹീറ്റര്‍ എല്ലാ മുറിയിലും ഓണാക്കിയിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാര്‍ബണ്‍ മൊണോക്സൈഡ് ലീക്ക് ചെയ്താതാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തണുപ്പ്കാലത്ത് വീട്ടിനുള്ളില്‍ ചൂട് പകരുന്നതിനായി സ്ഥാപിക്കുന്ന ഹീറ്ററുകളിലെ തകരാറു നിമിത്തമാണ് കാര്‍ബണ്‍ മൊണോക്സൈഡ് ലീക്കാവുന്നത്.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലും ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളിലും കത്തല്‍ താപപ്രവര്‍ത്തനങ്ങളിലെ ഏറ്റക്കുറച്ചില്‍ നിമിത്തം ഉത്പാദിപ്പിക്കപ്പെടുന്ന വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഈ വാതകത്തിന് നിറമോ മണമോ രുചിയോ ഇല്ലാത്തത് മൂലം കാര്‍ബണ്‍ മോണോക്സൈഡ് അത്യന്തം അപകടകാരിയായി മാറുന്നു.
ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്. രക്തത്തിലെ അരുണ രക്താണുക്കള്‍ ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുക. ശ്വാസത്തിലെ ഓക്‌സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിനെ ചുവന്ന രക്താണുക്കള്‍ വഹിച്ചു കൊണ്ട് സഞ്ചരിക്കുന്നതാണ് ഇതിനു കാരണം. ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യുന്നു.
അടച്ചിട്ട മുറികള്‍ക്കുള്ളിലോ വാഹനങ്ങള്‍ക്ക് അകത്തോ ഇത്തരത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഉറക്കത്തിനിടയില്‍ നിരവധി പേരുടെ മരണം കാര്‍ബണ്‍ മോണോക്സൈഡെന്ന നിശബ്ദ കൊലയാളി കവര്‍ന്നെടുത്തിട്ടുണ്ട്. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളിലെത്തുന്നയാളിനെ വളരെ വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിക്കണം.