ഒരു കൊറോണ കല്ല്യാണം; കാസര്‍കോട് വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ്

കാസര്‍ഗോഡ്: ചെങ്കളയില്‍ വരനും വധുവും ഉള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്ത 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെങ്കളം പഞ്ചായത്തിലെ നാലാം വാര്‍ഡായ പീലാംകട്ടയിലായിരുന്നു സംഭവം. ജൂലൈ 17 ന് ആയിരുന്നു വിവാഹം നടന്നത്.

കഴിഞ്ഞ ദിവസം വധുവിന്റെ പിതാവിനടക്കം എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് വരനും വധുവിനും വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തിയത്. ഇന്ന് നടത്തിയ പരിശോധനയില്‍ 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിരവധി പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടത്തിയത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധനയ്ക്കു വിധേയമാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിവാഹം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.