എന്റെ ആശുപത്രി ദിനങ്ങളെ നീ പ്രകാശപൂരിതമാക്കി; മലയാളി ഗായികയെ പ്രശംസിച്ച് ബിഗ് ബി
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആര്യ ദയാല്‍ എന്ന മലയാളി ഗായികയ്ക്ക് പ്രശംസയുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഇപ്പോള്‍ ആശുപത്രിയിലുള്ള അമിതാഭ് അവിടെ വെച്ചാണ് ആര്യയ്ക്ക് പ്രശംസയുമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോര്‍ത്തിണക്കിയുള്ള ആര്യയുടെ പാട്ടാണ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ശ്രദ്ധ നേടിയെടുത്തത്. എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ എന്ന പ്രശസ്തമായ ഗാനം ശ്രുതി ചേര്‍ത്ത് പാടുന്ന ആര്യയുടെ വീഡിയോ മലയാളത്തിലെ പ്രമുഖ ഗായകരുള്‍പ്പെടെ ഒട്ടേറെ സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെച്ചിരുന്നു.
‘എന്റെ സംഗീത പങ്കാളിയും പ്രിയ സുഹൃത്തുമായ വ്യക്തിയാണ് ഈ വീഡിയോ എനിക്ക് അയച്ചു തന്നത്. ഈ കുട്ടി ആരെന്നറിയില്ല, പക്ഷേ എനിക്കാകെ പറയാനുള്ളത് ഒരേയൊരു കാര്യമാണ്, നീ പ്രത്യേക കഴിവുള്ള കുട്ടിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.. ഇതേ പോലെ നല്ല നല്ല പാട്ടുകള്‍ ചെയ്യൂ. മുമ്പില്ലാത്ത വിധം ഈ ആശുപത്രി ദിനങ്ങളെ നീ പ്രകാശപൂരിതമാക്കി.
കര്‍ണാടക സംഗീതവും പോപ് സംഗീതവും മിക്‌സ് ചെയ്യുക.. അസാധ്യം…എളുപ്പമുള്ള കാര്യമല്ല അത്. പക്ഷേ എത്ര അനായാസമായി ഇവള്‍ അത് ചെയ്യുന്നു.. രണ്ട് സ്‌റ്റൈലിലും യാതൊരു വിധ വിട്ടു വീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല. മനോഹരം… ‘എന്ന് കുറിച്ചാണ് ബിഗ് ബി ആര്യയുടെ വീഡിയോ പങ്കുവച്ചത്.
T 3605 – My music partner and dear friend sent me this .. I do not know who this is but I can just say “You are a very special talent, God bless you .. keep up the good work .. you have brightened my day in the Hospital like never before. Mixing Karnatak & Western pop.. amazing!" pic.twitter.com/9YfkXDopnP
— Amitabh Bachchan (@SrBachchan) July 25, 2020
‘ഞാനിപ്പോള്‍ ആകാശത്താണ്.. അദ്ദേഹം എന്റെ ഗാനം കേള്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ ചിന്തിച്ചില്ല.. ഒരുപാടിഷ്ടം ബച്ചന്‍ സര്‍. പെട്ടെന്ന് സുഖം പ്രാപിക്കട്ടെ’ ബച്ചന്റെ ട്വീറ്റിന് നന്ദി പറഞ്ഞ് ആര്യ കുറിച്ചു.