33.9 C
Kottayam
Sunday, April 28, 2024

സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ചു; സംരംഭങ്ങൾക്ക് ഏകജാലക അനുമതി നൽകും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങള്‍ക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നല്‍കിയത്. ഈ എസ്റ്റേറ്റുകളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്‌ളിയറന്‍സ് ബോര്‍ഡുകളും രൂപവത്കരിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

എറണാകുളം ജില്ലയിലെ എടയാര്‍, തൃശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ പാടം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂര്‍, തിരുവനന്തപുരത്തെ വേളി തുടങ്ങി 40 പ്രദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. നേരത്തെ തന്നെ നിലവിലുള്ളതാണെങ്കിലും ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് നിയമപരമായ ആനുകൂല്യങ്ങള്‍ ഇതോടെ ലഭിക്കും.

സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വിവിധ തരം ലൈസന്‍സുകള്‍, ക്‌ളിയറന്‍സുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അതിവേഗം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി എസ്റ്റേറ്റ് തലത്തില്‍ ക്‌ളിയറന്‍സ് ബോര്‍ഡുകള്‍ക്കും രൂപം നല്‍കി. ജില്ലാ കളക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നഗര ഗ്രാമാസൂത്രണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ്, തൊഴില്‍ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ജില്ലാ തല ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്നതാണ് ക്‌ളിയറന്‍സ് ബോര്‍ഡ്.

ഇടുക്കി ജില്ലയിലെ 5 ഏക്കറുള്ള മുട്ടം ആണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഏറ്റവും വലുതും. 532.8 ഏക്കര്‍ വിസ്തൃതിയുണ്ട് കഞ്ചിക്കോടിന്. എറണാകുളം ജില്ലയിലെ എടയാര്‍ ആണ് വലിപ്പത്തില്‍ രണ്ടാം സ്ഥാനത്ത് – 435.29 ഏക്കര്‍. തിരുവനന്തപുരം – 2, കൊല്ലം-2, പത്തനംതിട്ട-1, ആലപ്പുഴ -6, കോട്ടയം-3, ഇടുക്കി – 1, എറണാകുളം – 6, തൃശൂര്‍ – 6, പാലക്കാട് -5, മലപ്പുറം – 1, കോഴിക്കോട് -2, കണ്ണൂര്‍ – 1, കാസര്‍കോട് – 4 എന്നിങ്ങനെയാണ് എസ്റ്റേറ്റുകളുടെ ജില്ല തിരിച്ചുള്ള കണക്ക്. 2500 ഓളം സംരംഭങ്ങള്‍ വിവിധ എസ്റ്റേറ്റുകളിലായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week