രണ്ടായിരം രൂപ നോട്ടുകള്‍ അസാധുവാക്കിയേക്കാം; സൂചന നല്‍കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: രണ്ടായിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയേക്കാമെന്ന സൂചന നല്‍കി മുന്‍ സാമ്പത്തികകാര്യ സെക്രട്ടറി എസ്.സി ഗാര്‍ഗ്. നിലവില്‍ 2000 രൂപയുടെ അച്ചടി നിര്‍ത്തിവച്ചിരിക്കുന്നതുകൊണ്ടും, കറന്‍സി ഉപയോഗം കുറവായതുകൊണ്ടും ഈ നോട്ടുകള്‍ അസാധുവാക്കുന്നത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം നിലവില്‍ വന്ന് മൂന്ന് വര്‍ഷം തികയുന്ന അവസരത്തിലാണ് ഗാര്‍ഗ് ഇക്കാര്യം പറഞ്ഞത്.
നിലവില്‍ മുഴുവന്‍ കറന്‍സി നോട്ടുകളില്‍ മൂന്നില്‍ ഒരു ഭാഗം മാത്രമേ 2000 രൂപയുടെ നോട്ടുകള്‍ ഉള്ളു. രണ്ടായിരത്തിന്റെ കറന്‍സി നോട്ടുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടാത്തത് കൊണ്ട് തന്നെ അവ അസാധുവാക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്. അതേസമയം, നിലവിലുള്ള സ്റ്റോക്കും, പുതുതായി അച്ചടിക്കേണ്ട നോട്ടുകളും തമ്മില്‍ സന്തുലിതാവസ്ഥയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നവംബര്‍ 7ന് രാത്രിയാണ് അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ഉത്തരവിറക്കുന്നത്.