17 കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവം; പീഡനം നടന്ന കാറ് എംഎൽഎയുടേത് ,പെൺകുട്ടിയും പ്രതികളും നടന്ന് പോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു
ഹൈദരാബാദ്: തെലങ്കാനയിൽ 17 കാരി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ പീഡനം നടന്ന ബെൻസ് കാർ എം എൽ എയുടേതാണെന്ന് തിരിച്ചറിഞ്ഞു. എം എൽ എ യുടെ മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസ് തന്നെയാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് കാറിന്റെ ഉടമസ്ഥതയിലും വ്യക്തത വരുത്തിയത്. സംഭവത്തിൽ ഇതുവരെ അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതികളാരും കാറിൽ ഉണ്ടായിരുന്നില്ലെന്നും അവർ അടുത്തുള്ള ഒരേ കഫേയിൽ ഇരിക്കുകയായിരുന്നുവെന്നും വ്യക്തമാക്കി എം എൽ എയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് തന്നെയാണ് എം എൽ എയുടെ കുടുംബം വാദിക്കുന്നത്. പാർട്ടിയ്ക്ക് ശേഷം എം എൽ എയുടെ മകനെ ഒരു ബന്ധുവാണ് തിരികെ കൂട്ടിക്കൊണ്ടുപോയതെന്നും അവർ പറയുന്നു.
അതിക്രമം നടത്തിയവർക്കെതിരെ കൂട്ടബലാൽസംഗത്തിനും പോക്‌സോ വകുപ്പനുസരിച്ചും പൊലീസേ കേസെടുത്തിട്ടുണ്ട്. എം എൽ എയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പങ്കെടുത്ത ഒരു പാർട്ടിയിൽ പെൺകുട്ടി പങ്കെടുത്തിരുന്നു.
പാർട്ടിയ്ക്ക് ശേഷം പെൺകുട്ടിയെ പ്രതികൾ കാറിൽ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. കുട്ടിയോട് പ്രതികൾ മോശമായി പെരുമാറിയെന്നും കുട്ടിയുടെ കഴുത്തിലടക്കം പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ അച്ഛൻ അറിയിച്ചു. അതേസമയം പെൺകുട്ടിയും പ്രതികളും ഒന്നിച്ചു നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം 28 ന് രാത്രി സുഹൃത്തുക്കളുമൊത്ത് പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തുക്കള്‍ പോയതിന് പിന്നാലെ പെണ്‍കുട്ടി ഒറ്റയ്ക്കായ തക്കം നോക്കി ബെന്‍സ് കാറില്‍ എത്തിയ അഞ്ചംഗ സംഘം ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റുകയായിരുന്നു . തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ട് പോയി പീഡിപ്പിച്ചു.പെൺകുട്ടിയുടെ ദേഹത്തെ മുറിവുകളും പെരുമാറ്റത്തിലെ അസ്വാഭാവികതയും ശ്രദ്ധയില്‍ പെട്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
രാഷ്ട്രീയ സമുദായ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് അഞ്ച് പേരും. എഐഎംഐഎം എംഎല്‍എയുടെ മകനും , ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡ് അംഗത്തിന്‍റെ മകനും സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചു. മറ്റ് മൂന്ന് പേര്‍ ഹൈദരാബാദിലെ ബിസിനസ്സുകാരുടെ മക്കളാണ്. പ്രതികളെല്ലാം പതിനെട്ട് വയസ്സിൽ താഴെയുള്ളവരാണ് .
അഞ്ച് പ്രതികളെയും ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് തെലങ്കാന ബിജെപി ആവശ്യപ്പെട്ടു. എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് പ്രതികളിലൊരാൾ. സംഭവത്തിൽ അസദുദ്ദീൻ ഒവൈസിയും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും വിശദീകരണം നൽകണമെന്ന് ബിജെപി നേതാവ് കൃഷ്‌ണ സാഗർ റാവു ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പൊലീസ് നേരെ അന്വേഷിക്കുന്നില്ലെന്നും റാവു പറഞ്ഞു.