ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ കൊച്ചിയില്‍ എത്തിയ 17 പേര്‍ക്ക് രോഗലക്ഷണം
കൊച്ചി: ഡല്‍ഹിയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ കൊച്ചിയില്‍ എത്തിയവരില്‍ 17 പേര്‍ക്ക് രോഗലക്ഷണം. ഇവരെ ആശുപത്രികളിലേയ്ക്ക് നിരീക്ഷണത്തിനായി മാറ്റി. മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ ആശുപത്രികളിലേയ്ക്കാണ് ഇവരെ മാറ്റിയത്.
അതേസമയം, ന്യൂഡല്‍ഹി-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ ഇന്നലെ കൊച്ചിയിലെത്തി. ആകെ 145 യാത്രക്കാരാണുള്ളത് ഇവരില്‍ 89 പുരുഷന്മാരും 52 സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. ന്യൂഡല്‍ഹി, ജലന്ദര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നാല് ട്രെയിനുകളിലായി ജില്ലയിലെത്തിയത് 564 പേരാണ്. ഇവരില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 137 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 2,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേര്‍ രോഗം ബാധിച്ചു മരിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം തമിഴ്നാട് ആണ്. 14,753 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേര്‍ ഇവിടെ മരിച്ചു.
ഗുജറാത്തിലെയും സ്ഥിതി ഗുരുതരമാണ്. 13,268 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. തമിഴ്നാട്ടിലേക്കാള്‍ കൂടുതല്‍ മരണ സംഖ്യ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 802 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഡല്‍ഹിയാണ്. 12,319 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 208 പേര്‍ മരിക്കുകയും ചെയ്തു.