31.7 C
Kottayam
Saturday, May 18, 2024

നിജ്ജറിൻ്റെ കൊലപാതകം; അറസ്റ്റിലായത് ഇന്ത്യൻ പൗരന്മാർ,ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

Must read

ഒട്ടാവ: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയില്‍ അറസ്റ്റിലായത് മൂന്ന് ഇന്ത്യന്‍ പൗരന്മാര്‍. കരണ്‍പ്രീത് സിങ് (28), കമല്‍പ്രീത് സിങ് (22), കരണ്‍ ബ്രാര്‍ (22) എന്നിവരാണ് അറസ്റ്റിലായതെന്ന് കനേഡിയന്‍ ന്യൂസ് വെബ്‌സൈറ്റായ സിടിവി ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. കൊലപാതകം, വധഗൂഢാലോചന എന്നിവ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

വിഘടനവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അടക്കമുള്ളവയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കാനഡയുടെ ആരോപണം ഇന്ത്യന്‍ അധികൃതര്‍ പലതവണ നിഷേധിച്ചിട്ടുണ്ട്. നിജ്ജറുടെ കൊലപാതകം പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുകയെന്നത് ഇന്ത്യയുടെ നയമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കാനഡയെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2023 സെപ്റ്റംബറില്‍തന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെ, നിജ്ജറിന്റെ കൊലപാതകത്തിലെ പങ്കാളിത്തം ആരോപിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കാനഡയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഡേവിഡ് ടെബോള്‍ പറഞ്ഞത്. തെളിവ് സംബന്ധിച്ച കാര്യങ്ങളെപ്പറ്റി വിശദീകരിക്കാനാവില്ല. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ കേസില്‍ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന വിശ്വസനീയമായ വിവരം കിട്ടിയെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തിരുന്നു. പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ച ഖലിസ്താന്‍ ഭീകരനാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ (45). നിജ്ജാറിന്റെ തലയ്ക്ക് ഇന്ത്യ 10 ലക്ഷം രൂപ വിലയിട്ടിരുന്നു. 2023 ജൂണ്‍ 18-നാണ് കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സുറേയിലുള്ള ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് നിജ്ജര്‍ കൊല്ലപ്പെടുന്നത്.

കാനഡ കേന്ദ്രീകരിച്ച് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന നിജ്ജര്‍, ഖലിന്‍ ടൈഗര്‍ ഫോഴ്സ് എന്ന ഖലിസ്താന്‍ സംഘടനയുടെ തലവനായിരുന്നു. പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഗുരുദ്വാരയുടെ പ്രസിഡന്റായി ഇയാളെ തിരഞ്ഞെടുത്തത് ചര്‍ച്ചയായിരുന്നു. ഇയാളെ വിട്ടുനല്‍കണമെന്ന ആവശ്യം ഇന്ത്യ കനേഡിയന്‍ സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്തതാണ്.1980-കള്‍ മുതല്‍തന്നെ കുറ്റകൃത്യചരിത്രമുള്ള നിജ്ജര്‍, ചെറുപ്പകാലത്തുതന്നെ പ്രാദേശിക ഗുണ്ടാസംഘങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്ത്യന്‍ അധികൃതര്‍ തയ്യാറാക്കിയ വിശദമായ കേസ് ഫയല്‍ വ്യക്തമാക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1996-ല്‍ വ്യാജപാസ്പോര്‍ട്ടുമായി കാനഡയിലേക്ക് കടന്ന നിജ്ജര്‍, ആ രാജ്യത്തെ പൗരത്വം നേടുകയായിരുന്നു. അവിടെ ട്രക്ക് ഡ്രൈവറായി ജോലിചെയ്യുന്നതിനിടെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം നേടുന്നതിനായി പാകിസ്താനിലേക്ക് യാത്ര നടത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ നിരവധി കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും നിജ്ജര്‍ നിര്‍ദേശം നല്‍കിയിരുന്നതായും കേസ് ഫയലിലുണ്ട്.

പഞ്ചാബ് ജലന്ധറിലെ ഭാര്‍ സിങ് പുര സ്വദേശിയായിരുന്ന നിജ്ജറിനെ ഗുണ്ടാജീവിതത്തിലേക്ക് നയിച്ചത് നേക എന്നറിയപ്പെട്ടിരുന്ന ഗുര്‍നേക് സിങ്ങായിരുന്നു. 80-കളിലും 90-കളിലും ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സുമായി (കെസിഎഫ്) നിജ്ജര്‍ ബന്ധം പുലര്‍ത്തിയിരുന്നു. അനവധി ഭീകരപ്രവര്‍ത്തനകേസുകളില്‍ പേര് ഉള്‍പ്പെട്ടതോടെയാണ് നിജ്ജര്‍ 1996-ല്‍ കാനഡയിലേക്ക് കടന്നത്. 2012 മുതല്‍ ഖലിസ്താന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ ജഗ്താര്‍ സിങ് താരയുമായി അടുത്ത ബന്ധത്തിലായതായും കേസ് ഫയലില്‍ വ്യക്തമാക്കുന്നു.

2012 ഏപ്രിലില്‍ ഒരു സാമുദായിക ജാഥയിലെ അംഗമായി വേഷം ധരിച്ച് പാകിസ്താന്‍ സന്ദര്‍ശിക്കുകയും രണ്ടാഴ്ചക്കാലം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കുന്നതില്‍ പരിശീലനം നേടുകയും ചെയ്തു. കാനഡയിലേക്ക് മടങ്ങിയെത്തിയ നിജ്ജറിന്റെ അടുത്ത ലക്ഷ്യം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണമായിരുന്നു. ഇതിനായി കാനഡയില്‍ മയക്കുമരുന്നും ആയുധവും കടത്തുന്ന സംഘവുമായി നിജ്ജര്‍ സഹകരിച്ചു.

ജഗ്താര്‍ സിങ് താരയുമായി ചേര്‍ന്ന് പഞ്ചാബില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി നിജ്ജര്‍ തയ്യാറാക്കി. ഇതിനായി മന്‍ദീപ് സിങ് ധലിവാള്‍, സര്‍ബ്ജിത് സിങ്, അനൂപ് വീര്‍ സിങ്, ഫൗജി എന്നറിയപ്പെടുന്ന ദര്‍ശന്‍ സിങ് തുടങ്ങിയവരുള്‍പ്പെടുന്ന ഒരു സംഘവും കാനഡയില്‍ രൂപവത്കരിച്ചു. 2015-ല്‍ സംഘാംഗങ്ങള്‍ക്ക് ബ്രിട്ടീഷ് കൊളംബിയയില്‍ ആയുധപരിശീലനം ലഭിച്ചതായും കേസ് ഫയലില്‍ പറയുന്നു.

2014-ല്‍ ഹരിയാണയില സിര്‍സയിലുള്ള ദേര സച്ചാ സൗദയുടെ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനും നിജ്ജര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ നിജ്ജറിന് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിനാല്‍ ആക്രമണ പദ്ധതിയില്‍ മാറ്റംവരുത്തി. മുന്‍ ഡിജിപി മുഹമ്മദ് ഇസാര്‍ ആലം, പഞ്ചാബിലെ ശിവസേന നേതാവ് നിഷാന്ത് ശര്‍മ, ബാബ മന്‍ സിങ് പെഹോവ വാലെ എന്നിവരെ ആക്രമിക്കാനായിരുന്നു നിജ്ജറിന്റെ പദ്ധതി.

പഞ്ചാബില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായി പഞ്ചാബിലെ ഗുണ്ടാത്തലവനായ അര്‍ഷ്ദീപ് ഗില്ലുമായും നിജ്ജര്‍ ബന്ധം പുലര്‍ത്തിയിരുന്നു. സിഖ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോപണവിധേയരായ മനോഹര്‍ ലാല്‍ അറോറ, മകന്‍ ജതീന്ദര്‍ബിര്‍ സിങ് അറോറ എന്നിവരുടെ കൊലപ്പെടുത്താന്‍ അര്‍ഷ്ദീപിനെ ചുമതലപ്പെടുത്തിയത് നിജ്ജറായിരുന്നു.

2020 ഒക്ടോബര്‍ 20-ന് ഭത്തിണ്ടയിലെ വീട്ടിനുമുന്നില്‍വെച്ച് വെടിയേറ്റ് നോഹര്‍ ലാല്‍ അറോറ മരിച്ചു. മകന്‍ രക്ഷപ്പെടുകയും ചെയ്തു. ആക്രമത്തിനുള്ള പ്രതിഫലം നിജ്ജര്‍ കാനഡയില്‍ നിന്ന് അയച്ചുകൊടുക്കുകയായിരുന്നുവെന്നും കേസ് ഫയലില്‍ പറയുന്നു. 2021-ല്‍ ഭാര്‍ സിങ് പുരയിലെ ഒരു പുരോഹിതനെ കൊലപ്പെടുത്താനുള്ള നിര്‍ദേശവും അര്‍ഷ്ദീപിന് നിജ്ജര്‍ നല്‍കിയിരുന്നെങ്കിലും കൊലപാതകശ്രമം പരാജയപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week