സിക്കിമിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർ മരിച്ചു; നാല് സൈനികർക്ക് പരിക്ക്
ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. വടക്കന്‍ സിക്കിമിലെ സേമയിലാണ് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ചാറ്റൻ മേഖലയിൽ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. മലയിടുക്കിലെ ചെരിവിൽ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.
സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.