Entertainment

തരംഗമായി അവതാര്‍ 2; ആഗോള ബോക്‌സ് ഓഫീസില്‍ 5000 കോടി കടന്നു

ഹോളിവുഡ്: ജെയിംസ് കാമറൂണിന്‍റെ അവതാർ: ദി വേ ഓഫ് വാട്ടർ ആഗോള ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു.  441.6 മില്ല്യണ്‍ എന്ന മികച്ച ഓപ്പണിംഗ് വാരാന്ത്യത്തിന് ശേഷം ചിത്രം ലോകമെമ്പാടും 500 മില്ല്യണ്‍ ഡോളര്‍ എന്ന നാഴികകല്ലും പിന്നിട്ടു. ഇപ്പോൾ ചിത്രം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മൊത്തം 609.7 മില്ല്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. 

കളക്ഷന്‍ കണക്ക് അനുസരിച്ച് അവതാർ: ദി വേ ഓഫ് വാട്ടർ ഇപ്പോൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നേട്ടത്തിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ആഗോള ബോക്സ് ഓഫീസില്‍ അവതാര്‍ 2 14.3 മില്യൺ ഡോളര്‍ നേടി. ഇത് ടോം ക്രൂസിന്റെ ടോപ്പ് ഗൺ: മാവെറിക്ക് സ്ഥാപിച്ച 14.8 മില്യൺ ഡോളറിന് തൊട്ടുപിന്നിലാണ്. അവധിക്കാലം സജീവമായതിനാൽ, വരുന്ന വാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള കണക്കുകൾ വർദ്ധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു. 

ടോപ്പ് ഗൺ: മാവെറിക്ക് യുഎസിൽ ആകെ നേടിയ 719 മില്യൺ ഡോളറിന്‍റെ റെക്കോർഡിനെ മറികടക്കാൻ ജെയിംസ് കാമറൂൺ ചിത്രത്തിന് കഴിയുമോ എന്നതാണ് സിനിമ ലോകം ഉറ്റുനോക്കുന്നത്. അവതാറിന്റെ രണ്ടാംഭാഗത്തിന് ബുധനാഴ്ച വരെയുള്ള വിദേശ കളക്ഷൻ ചൈന 70.5 മില്യൺ ഡോളറാണ്. നിലവിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ അവിടെ കളക്ഷന്‍ കുറയാനും സാധ്യതയുണ്ട്.  ഫ്രാൻസില്‍ 37 മില്യൺ ഡോളറും കൊറിയയിൽ 32.1 മില്യൺ ഡോളറും ഇന്ത്യയിൽ നിന്ന് 26.5 മില്യൺ ഡോളറുമാണ് അവതാര്‍ 2 നേടിയത്. 

അവതാർ 2 ഇപ്പോൾ ഇന്ത്യന്‍ ബോക്സോഫീസിൽ 200 കോടിക്ക് അടുത്ത് കുതിക്കുകയാണ്. ഡിസംബർ 21 ന് ആറാം ദിവസം നേടിയത് ഇരട്ട അക്കത്തിൽ ആണെന്നാണ് ആദ്യ ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 13.50 കോടി രൂപ നേടി ഈ ചിത്രം ഇന്ത്യയിലെ മൊത്തം കളക്ഷൻ 193.30 കോടി രൂപയായി.

പതിമൂന്ന് കൊല്ലം മുന്‍പ് ഇറങ്ങിയ അവതാറിന്റെ തുടർച്ചയായാണ് ദി വേ ഓഫ് വാട്ടർ ഡിസംബർ 16 ന് റിലീസ് ചെയ്തത്. ജെയ്‌ക്കും നെയ്‌ത്തിരിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്തോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. 

നാവികളായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥയുടെ മൂലഭാഗം. അവതാര്‍ 2 കൂടുതൽ വ്യക്തിബന്ധങ്ങളെ കേന്ദ്രീകരിച്ചുള്ളതും നാടകീയതയുള്ളതുമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാം വർത്തിംഗ്ടൺ, സിഗോർണി വീവർ, സോ സൽദാന, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവതാർ: ദി വേ ഓഫ് വാട്ടർ   ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button