FeaturedHome-bannerKeralaNationalNews

വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ കേരളത്തിലെ 131 വില്ലേജുകൾ പട്ടികയിൽ;പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശം,കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി കരട് വിജ്ഞാപനമിറക്കി കേന്ദ്രസര്‍ക്കാര്‍. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെയാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. എതിര്‍പ്പുകളും നിര്‍ദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഇതിനോടകം മുന്നൂറിലധികം മരണങ്ങള്‍ സ്ഥിരീകരിച്ച വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജൂലായ് 31-നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വറി ഉള്‍പ്പടെയുള്ള എല്ലാത്തരം ഖനനങ്ങള്‍ക്കും കരട് വിജ്ഞാപനത്തില്‍ പൂര്‍ണ്ണ നിരോധനം നിര്‍ദേശിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ഖനികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും നിര്‍ദേശിക്കുന്നു.

പുതിയ താപവൈദ്യുത പദ്ധതികളും ഇത് നിരോധിക്കുന്നു. നിലവിലുള്ള പദ്ധതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും എന്നാല്‍, വിപുലീകരണം അനുവദിക്കില്ലെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ഒഴികെ, വലിയ തോതിലുള്ള നിര്‍മാണ പദ്ധതികളും ടൗണ്‍ഷിപ്പുകളും ഇതിലൂടെ നിരോധനം വരും.

വയനാട് മാനന്തവാടി താലൂക്കിലെ പേരിയ, തിരുനെല്ലി, തൊണ്ടര്‍നാട്, തൃശ്ശിലേരി, സുല്‍ത്താൻ ബത്തേരി താലൂക്കിലെ കിടങ്ങനാട്, നൂല്‍പ്പുഴ, വൈത്തിരി താലൂക്കിലെ അച്ചൂരാനം, ചുണ്ടേല്‍, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളരിമല എന്നീ 13 വില്ലേജുകളാണ് പട്ടികയിലുള്ളത്.

എറണാകുളത്തെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ, ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ 14 വില്ലേജുകളും ഇടുക്കി താലൂക്കിലെ 9 വില്ലേജുകളും പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകളും തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകളും ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകളും പട്ടികയിലുണ്ട്.ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകളും തലശ്ശേരി താലൂക്കിലെ ഒരു വില്ലേജും പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകളും പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകളും പട്ടികയിലുണ്ട്.

കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കൽ വില്ലേജ്, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍ ആലത്തൂരിലെ ഒരു വില്ലേജ്, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പട്ടികയിലുണ്ട്.

വിജ്ഞാപനത്തില്‍ ഗുജറാത്തില്‍ 449 ചതുരശ്ര കിലോമീറ്റര്‍, മഹാരാഷ്ട്രയില്‍ 17340 ചതുരശ്ര കിലോമീറ്റര്‍, ഗോവയില്‍ 1461 ചതുരശ്ര കിലോമീറ്റര്‍, കര്‍ണാടകയില്‍ 20668 ചതുരശ്ര കിലോമീറ്റര്‍, തമിഴ്നാട്ടില്‍ 6914 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker