KeralaNews

പലിശയ്ക്ക് നൽകിയ പണം തിരികെ നൽകിയില്ല , ക്വട്ടേഷൻ നൽകി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊല്ലം:ക്വട്ടേഷന്‍ നല്‍കി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊല്ലം നെടുമ്പന പുത്തന്‍വീട്ടില്‍ ഫൈസല്‍ കുളപ്പാടം (33), കൊല്ലം വടക്കേവിള മാടന്‍നട രാജ്ഭവന്‍ വീട്ടില്‍ രഞ്ജിത്ത് (32) എന്നിവരാണ് പിടിയിലായത്.

നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. പലിശയ്ക്ക് നല്‍കിയ പണം തിരികെ കിട്ടാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചതാണ് ഫൈസലിനെതിരായ കുറ്റം.ഏനാദിമംഗലം മാരൂര്‍ അനന്തു ഭവനില്‍ അനന്തു (32) വിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. ലീസിന് വാഹനം വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലില്‍ കലാശിച്ചത്. ജൂണ്‍ ഒന്നിന് തിങ്കളാഴ്ച ഏഴ് മണിയോടെ മാരൂരില്‍ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ ക്വട്ടേഷന്‍ സംഘം അനന്തുവിനെ ഫോണില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊട്ടിയത്തുള്ള പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദിന്റെ രഹസ്യ കേന്ദ്രത്തില്‍ എത്തിച്ച് അനന്തുവിനെ ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദ്ദിച്ചു.

അനന്തു ഫൈസലില്‍ നിന്നും കാര്‍ ഈട് വാങ്ങി നല്‍കിയ 60,000 രൂപയ്ക്ക് പകരം രാത്രിയില്‍ തന്നെ അനന്തുവിന്റെ സഹോദരന്‍ ഫൈസലിന്റെ അക്കൗണ്ടിലേക്ക് 45000 രൂപയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ട നിഷാദിന്റെ അക്കൗണ്ടിലേക്ക് 30000 രൂപയും ട്രാന്‍സര്‍ ചെയ്ത് നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ട് ക്വട്ടേഷന്‍ സംഘം അനന്തുവിനെ വീണ്ടും മര്‍ദ്ദിക്കുകയും കാറില്‍ കയറ്റി അടൂര്‍ വഴി പന്തളത്തെത്തിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു .കളനടയില്‍ വിജനമായ സ്ഥലത്തെത്തിച്ച ശേഷം ആറന്മുള റാന്നി വഴി കുട്ടിക്കാനത്തെത്തി.

അവിടെ വെച്ച് കാറിലെ പെട്രോള്‍ തീര്‍ന്നു. എ ടി എം ല്‍ നിന്നും പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ റോഡില്‍ കുടുങ്ങിയ സംഘത്തെ കണ്ട് ഹൈവെ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് വരുന്നത് കണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അനന്തുവിനെ ഭീഷണിപ്പെടുത്തി, പൊലീസിനോട് മര്‍ദ്ദന വിവരം പറയരുതെന്നാവശ്യപ്പെട്ടു.ഫൈസലിന്റെ കാര്യം പറഞ്ഞതോടെ പൊലീസ് സംഘം മടങ്ങിപ്പോയി.പിന്നീട് കാറില്‍ പെട്രോള്‍ അടിച്ച ശേഷം പന്തളത്തേക്ക് തിരിച്ചു.

മര്‍ദനത്തില്‍ അവശനായ അനന്തുവിനെ 3 ന് ബുധനാഴ്ച പുലര്‍ച്ചെ പന്തളത്ത് ഉപേക്ഷിച്ച് ക്വട്ടേഷന്‍ സംഘം മടങ്ങി. മര്‍ദ്ദന വിവരം പുറത്തു പറഞ്ഞാല്‍ അമ്മയെയും സഹോദരിയെയും വകവരുത്തുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി അനന്തു പറഞ്ഞു. അനന്തുവിനെ പന്തളത്ത് ഉപേക്ഷിക്കുന്നതിന് മുമ്പ് വാങ്ങിവെച്ച മൊബൈല്‍ഫോണ്‍ തിരികെ നല്‍കി. അവശനായി അനന്തു കിടക്കുമ്പോള്‍ സഹോദരന്‍ ഫോണില്‍ വിളിച്ചു.

വിവരങ്ങള്‍ സഹോദരനെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി അനന്തുവിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പൊലീസില്‍ വിവരമറിയിച്ചു. സി ഐ
ബിജു ആശുപത്രിയിലെത്തി അനന്തുവിന്റെ മൊഴി രേഖപ്പെടുത്തി. കേസ് എടുത്ത ശേഷം നാലിന് പുലര്‍ച്ചെ ഫൈസലിനെയും രഞ്ജിത്തിനെയും കൊല്ലത്തുള്ള വീടുകളില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. അനന്തുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങാനായി ഫൈസല്‍ 15000 രൂപയ്ക്കാണ്‌ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേ സമയം ഫൈസലിനെ  അടൂർ പോലീസ് അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു. പന്തളത്ത് നടന്ന ഒരു അക്രമ സംഭവത്തിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യം ഉള്ളവരെ അനാവശ്യ കേസുകളിൽ പ്രതി ചേർക്കുന്ന അധികാരദുർവിനിയോഗം ആണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത് എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ അരുൺരാജ് പ്രസ്താവനയിൽ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker