ഇസ്ലാമാബാദ്: പ്രതിശ്രുത വരന്റെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പ്രതികാരം തീര്‍ക്കാന്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട യുവാവിന് ജയില്‍വാസവും പിഴയും. പാകിസ്താനിലാണ് സംഭവം. സൈബര്‍ ക്രൈം കോടതിയാണ് സജ്ജാദ് എന്ന യുവാവിനെ എട്ടു വര്‍ഷം തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഫോറന്‍സിക് വിദഗ്ധരുടെയും മൊഴിയും കണക്കിലെടുത്താണ് ജേഡ്ജ് തഹീര്‍ മഹമൂദ് ഖാന്‍ ഇന്നലെ ശിക്ഷ വിധിച്ചത്.
രണ്ടു വര്‍ഷം മുന്‍പാണ് സജ്ജാദും യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ സജ്ജാദിനെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ച് പിന്നീടാണ് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതിയുടെ കുടുംബം പിന്മാറി. വിവരമറിഞ്ഞ യുവാവ് പ്രശ്നപരിഹാരത്തിനെന്ന രീതിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കി ചിത്രമെടുത്തു. പിന്നീട് ഈ ചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്നും സജ്ജാദ് പറഞ്ഞു.
യുവതി പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചതറിഞ്ഞ യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിന്നു. ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുനല്‍കി. ചിത്രങ്ങള്‍ കണ്ടതോടെ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ സമീപിച്ചത്.