33.4 C
Kottayam
Sunday, May 5, 2024

നാലു വര്‍ഷമായി സ്വന്തം വീട്ടിലേക്ക് ചെലവിന് നയാപൈസ നല്‍കിയില്ല, ജോണ്‍സന്റെ ശമ്പളം മുഴുവന്‍ കൈയ്യാളിയിരുന്നത് ജോളി; ജോണ്‍സന്റെ കുരുക്ക് മുറുകുന്നു

Must read

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ കക്കയം വലിയപറമ്പില്‍ വീട്ടില്‍ ജോണ്‍സന്റെ കുരുക്ക് മുറുകുന്നു. ജോളിയുടെ മകന്‍ റെമോ ഇന്നലെ പോലീസിനു കൈമാറിയ ജോളിയുടെ ഫോണും സിം കാര്‍ഡും ജോണ്‍സണ്‍ വാങ്ങിനല്‍കിയതാണെന്ന് പോലീസ് കണ്ടെത്തി. വെറും സൗഹൃദം മാത്രമേ ജോളിയുമായി ഉണ്ടായിരുന്നുള്ളൂവെന്ന ജോണ്‍സന്റെ ആദ്യമൊഴി കളവാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. ജോണ്‍സന്റെ ഭാര്യ സൈനയേയും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ഇല്ലാതാക്കി ജോണ്‍സനെ സ്വന്തമാക്കാനുള്ള ജോളിയുടെ നീക്കം ജോണ്‍സനും അറിയാമായിരുന്നെന്ന നിഗമനത്തിലാണ് പോലീസ്.

ഒരുലക്ഷം രൂപയോളം ശമ്പളം വാങ്ങുന്ന ജോണ്‍സണ്‍ കഴിഞ്ഞ നാലു വര്‍ഷത്തോളമായി സ്വന്തം വീട്ടിലെ ചെലവുകള്‍ക്ക് ചില്ലിപൈസ മുടക്കിയിരുന്നില്ലെന്ന് പോലീസ് കണ്ടെത്തി. ഇക്കാലയളവില്‍ ഇയാളുടെ ഭാര്യയായ അധ്യാപികയാണ് മക്കളുടെ വിദ്യാഭ്യാസമടക്കമുള്ള ചെലവുകള്‍ വഹിച്ചിരുന്നത്. ജോണ്‍സന്റെ വരുമാനമത്രയും ജോളിയുടെ കൈകളിലാണ് എത്തിയതെന്നും വിനോദയാത്ര നടത്താനും ജോളിയുടെ മറ്റാവശ്യങ്ങള്‍ക്കുമായും ജോണ്‍സണ്‍ പണം നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തി.

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ബംഗളൂരു , തേനി തുടങ്ങി പലയിടങ്ങളിലും ഇയാള്‍ ജോളിയുമായി യാത്ര ചെയ്യുകയും ഒപ്പം താമസിക്കുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ ടവര്‍ ഡംപ് പരിശോധനയില്‍ ഇരുവരും ഒരേ ടവറിനു കീഴില്‍വന്നതിന്റെ തെളിവുകള്‍ കാണിച്ചപ്പോള്‍ ജോളി ഇക്കാര്യം സമ്മതിക്കുകയായിരുന്നു. അതേസമയം ജോളിക്ക് സയനൈഡ് ലഭിക്കുന്നതിന് ജോണ്‍സണ്‍ സഹായിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണ്. സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാറിനെ ആറു വര്‍ഷമായേ അറിയുകയുള്ളൂ എന്നാണ് ജോളിക്ക് സയനൈഡ് കൈമാറിയ മഞ്ചാടിയില്‍ എം.എസ് മാത്യുവിന്റെ മൊഴി. ഇത് ശരിയാണെങ്കില്‍ ആദ്യത്തെ മൂന്നു കൊലപാതകങ്ങള്‍ക്കും, ഒടുവിലത്തെ രണ്ട് കൊലകള്‍ക്കും മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നല്‍കിയതായാണ് പോലീസ് സംശയിക്കുന്നത്.

മഞ്ചാടിയില്‍ എം.എസ്.മാത്യു സയനൈഡ് കൈമാറിയതിനുശേഷമാണ് പിതൃസഹോദരനായ മഞ്ചാടിയില്‍ എം.എം.മാത്യുവിനെ ജോളി സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. തേനിയില്‍ നിന്നോ കോയമ്പത്തൂരില്‍ നിന്നോ ജോണ്‍സന്റെ സഹായത്തോടെ ജോളി സയനൈഡ് വാങ്ങിയിട്ടുണ്ടാകാം എന്നും പോലീസ് സംശയിക്കുന്നു. ഇന്ന് ഡിജിപിയുടെ നേതൃത്വത്തില്‍ ജോളിയെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യം വിശദമായി ചോദിക്കുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week