KeralaNews

പെരുമഴയ്ക്ക് ശമനം, സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ശക്തമായ മഴയ്ക്ക് ശമനം. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുരുക്കമിടങ്ങളില്‍ ശക്തമായ മഴയും പ്രതീക്ഷിക്കാം. മഴ മുന്നറിയിപ്പ് തുടരുന്നതിനാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഇന്നലെ കനത്ത മഴയാണ് തിരുവനന്തപുരത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനിൽ 112.4 മി.മീ മഴയും സിറ്റി സ്റ്റേഷനിൽ 69.9 മി.മി മഴയും രേഖപെടുത്തി. ജലനിരപ്പ് ഉയർന്ന നെയ്യാറിലും കരമന നദിയിലും കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ് തുടരുന്നുണ്ട്.

തിരുവനന്തപുരത്ത് രാവിലെ മുതല്‍ മഴക്ക് നേരിയ ശമനമുണ്ട്. വൈകിട്ടോടെ പലയിടത്തും മഴക്ക് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് മുന്നറിയിപ്പ്. നെയ്യാർ നദിയിലെ (തിരുവനന്തപുരം) അരുവിപ്പുറം സ്റ്റേഷനിൽ നിലവിലെ  ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ പ്രദേശത്ത് ഓറഞ്ച് അലർട്ടും, കരമന നദിയിലെ (തിരുവനന്തപുരം) വെള്ളൈകടവ്  സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും കേന്ദ്ര ജല കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.


ഇതിനിടെ, തിരുവനന്തപുരത്ത് മഴ തുടരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് നടപടി. അതേസമയം ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും,

തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker