ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ന്യൂയോർക്ക്:ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിംഗിള്‍ ഡോസ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. കൊവിഡ് 19 നെതിരായ ഫലപ്രദവും സുരക്ഷിതവുമായ വാക്സിനുകളുടെ പട്ടികയില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയും.

ഇതോടെ ഒറ്റ ഡോസ് വാക്‌സിന്‍ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വാക്‌സിനേഷന്‍ ഒറ്റ ഡോസ് മാത്രമാണെന്നതിനാല്‍ ഇത് വിതരണം ഏറെ സുഖമാക്കുമെന്നാണ് വിലയിരുത്തുന്നത്. അള്‍ട്രാ-കോള്‍ഡ് സപ്ലൈ ചെയിനുകള്‍ (-20 ഡിഗ്രി സെല്‍ഷ്യസ്) ആവശ്യമാണെന്നും 2 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ മൂന്ന് മാസം സൂക്ഷിക്കാമെന്നതും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിനെ ശ്രദ്ധേയമാക്കുന്നു.

Read Also

നാലാമത്തെ വാക്‌സിനുള്ള അംഗീകാരം നല്‍കുന്നത് പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ: ടെഡ്രോസ് അദാനോം പറഞ്ഞു. എങ്കിലും എല്ലാ രാജ്യങ്ങളിലെയും എല്ലാ ആളുകള്‍ക്കും വാക്സിനുകള്‍ നല്‍കിയാല്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ രാജ്യങ്ങള്‍ക്കും ന്യായമായ വിലയ്ക്ക് വാക്സിനുകള്‍ ലഭ്യമാക്കുന്നതിനായി വികസ്വര രാജ്യങ്ങളിലെ ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും അതിന്റെ സാങ്കേതികവിദ്യകള്‍ കൈമാറാനും അദ്ദേഹം ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ലൈസന്‍സുള്ള വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നത് സംഘടന തുടരുകയാണ്. ഉപയോഗത്തിനായി ലൈസന്‍സുള്ള എല്ലാ വാക്സിനുകളും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ കൊവിഡിനെതിരായ പോരാട്ടത്തില്‍ വീണ്ടും മുന്നേറി ഇന്ത്യ. ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ ഇന്ത്യ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു. ഭോപ്പാലിലെ എന്‍.ഐ.ആര്‍.ഇ.എച്ചിലെ പുതിയ ഗ്രീന്‍ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇന്ത്യ ഉത്പാദിപ്പിച്ച രണ്ട് വാക്‌സിനുകള്‍ 71 രാജ്യങ്ങള്‍ക്ക് നല്‍കി. നിരവധി രാജ്യങ്ങള്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെടുന്നുണ്ട്. ഇവയൊന്നും ചെറിയ രാജ്യങ്ങളല്ല. കാനഡ, ബ്രസീല്‍ മറ്റ് നിരവധി വികസിത രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. അര ഡസനിലേറെ പുതിയ വാക്‌സിനുകള്‍ ഇന്ത്യയില്‍ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങള്‍ പ്രശംസനീയമാണ്. അവരുടെ അദ്ധ്വാനം കൊണ്ടാണ് നമുക്ക് ഇതെല്ലാം നേടാനായത്. കൊവിഡ് വര്‍ഷം എന്നതിനപ്പുറം 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി ഓര്‍മിക്കപ്പെടും. ശാസ്ത്രത്തെ നമ്മള്‍ ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പിന്നിട്ടു.നാലര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.26.50 ലക്ഷം പേര്‍ മരിച്ചു.ഒന്‍പതുകോടി അറുപത്തിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം പേര്‍ക്കാണ് യുഎസില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.45 ലക്ഷമായി ഉയര്‍ന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഒരു കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 24,000ത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. നിലവില്‍ 1.99 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.58 ലക്ഷം പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇന്നലെ 2035 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4381 ആയി.

കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട 70, വയനാട് 53, ഇടുക്കി 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,22,40,629 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.